Sunday 16 November 2014

"വാസ്സപ്പ് ഗുരുവായൂരപ്പൻ?!!!"

എന്നാലും എന്റെ ഗുരുവായൂരപ്പാ! അതൊരു ഒന്നൊന്നര കണിയായിരുന്നു കേട്ടോ!!! എന്നാലും എന്റെ സരിത ചേച്ചീ... അതൊരു ഒടുക്കത്തെ ഉത്തേജനം ആയിപ്പോയി!!!!!
                                                                                   **********************
സഹമുറിയന്മാർ എല്ലാവരും വിഷുവിന് സ്ഥലത്തുണ്ടാകാറാണ് പതിവ്. പക്ഷെ, ഇത്തവണ പലരും പല സ്ഥലത്തായിപ്പോയി. ഞാനും മധു ചേട്ടനും മാത്രം, വിഷുത്തലേന്നു മുഖത്തോടു മുഖം നോക്കിയിരുന്നു. ക്യാ കരേംഗേ?

"മിസ്റ്റർ ഗോവിന്ദൻ, ഓരോന്നിനും അതിന്റേതായ സമയം ഉണ്ടെന്ന ആപ്തവാക്യം താൻ കേട്ടിട്ടില്ലേ? ഏപ്രിലിൽ പറഞ്ഞാലേ വിഷുവിനു മാർക്കറ്റ്‌ ഉള്ളൂ. അണ്ടർസ്റ്റാന്റ്?"
"തോക്കിൽ കേറി വെടി വെക്കല്ലേ ചേട്ടാ. ഇത് ഒരു വിഷുക്കഥയല്ല. ഇത് ഒരു സ്മാർട്ട്‌ ഫോണിന്റെ കഥയാണ്. പിന്നെ ഗുരുവായൂരപ്പന്റെയും (നാണത്തോടെ) സരിതാ നായരുടെയും!"
"ഡോ, എന്നാപ്പിന്നെ (ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു കൊണ്ട്)എന്റെ ബീപ്പി കൂട്ടാതെ വേഗം പറ"
"ചേട്ടാ, അത് ചേട്ടൻ വിചാരി..."
"വാചകം അടിക്കാതെ കാര്യം പറയടോ."
"ഇന്നാ പിടിച്ചോ..."

ആഘോഷങ്ങൾ എല്ലാം ഒത്തുചേരലിന്റെ സന്തോഷം നിറഞ്ഞതായിരിക്കണം. കാത്തിരിക്കാൻ ആരുമില്ലാതെ എന്ത് ഓണം? എന്ത് വിഷു? പക്ഷേ മറുവശത്ത്,പൊൻകണിയും കൈനീട്ടവും പടക്കം പൊട്ടിക്കലും സദ്യയും ഒക്കെ പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഒടുവിൽ തീരുമാനിച്ചു, രണ്ടു പേരല്ലേയുള്ളൂ, അതുകൊണ്ട് സദ്യ ഒഴിവാക്കാം. പടക്കം പൊട്ടിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട. കൈനീട്ടം തരുന്നത് അവരവരുടെ ഇഷ്ടം. ബാക്കിയുള്ളത് കണിയാണ്. വിഷുക്കണി. ഏഴു തിരിയിട്ട നിലവിളക്കിന്റെ സ്വർണ്ണശോഭയിൽ, ഭഗവാന്റെ പുഞ്ചിരിക്കുന്ന തിരുമുഖം ദർശിക്കുന്ന ആ നിമിഷം! ഹാ! അത് വർണിച്ചു കുളമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് മാത്രമോ? ഓട്ടുരുളിയിൽ നിറഞ്ഞിരിക്കുന്ന കണിക്കൊന്ന പൂക്കൾ, കണിവെള്ളരി, രാമായണം, പച്ചരി, കസവുമുണ്ട്, വിവിധയിനം പഴങ്ങൾ അങ്ങനെയങ്ങനെ, സൗഭാഗ്യങ്ങളുടെ ആ മനോഹരമായ മേളനം! വർഷത്തിലൊരിക്കൽ വന്നണയുന്ന ആ നിമിഷം നാളെയാണ്, നാളെയാണ്, നാളെയാണ്! കണിയൊരുക്കണോ? ആകെ മൊത്തം ടൂ പീപ്പിൾ. എന്ത് ചെയ്യണം? യെസ് ഓർ നോ? കണ്‍ഫ്യൂഷൻ! നാളെ നേരം പുലരുമ്പോൾ ഉള്ള കണിയാണ് ഇനിയൊരു വർഷത്തെ ധന്യമാക്കേണ്ടത്. അതെങ്ങാൻ വേണ്ടാന്നു വെച്ചാൽ പിന്നെ ഒരു കൊല്ലം, അതോർത്ത് പശ്ചാത്തപിക്കേണ്ടി വരും.
അതുകൊണ്ട് തീരുമാനിച്ചു. എ ബിഗ്‌ യെസ്! ദ ഷോ മസ്റ്റ്‌ ഗോ ഓണ്‍! പിന്നല്ല!

അങ്ങനെ ഞാനും മധു ചേട്ടനും കൂടി മനാമയിലേക്ക് പുറപ്പെട്ടു.അവിടെ ചെന്നപ്പോഴേക്കും കണിക്കൊന്നയൊക്കെ വേറെ ആമ്പിള്ളേർ കൊണ്ട് പോയിരുന്നു. പോനാൽ പോകട്ടും പോടാ! ദാറ്റ്സ് ഓൾ. രണ്ടു പേർക്ക് കാണാൻ രണ്ട് ആപ്പിൾ തന്നെ ധാരാളം. എന്നിട്ടും ഞങ്ങൾ ഓറഞ്ചും മുന്തിരിയും പഴവും ഒരു കൊച്ചു വിളക്കും എണ്ണയും തിരിയും ചന്ദനത്തിരിയും ഒക്കെ വാങ്ങി ആർഭാടമാക്കി. പിന്നല്ല. കേഡിയോടാണോടാ നിന്റെ കളി?! അപ്പോഴുണ്ട് ഒരു സുന്ദരി മലയാളി പെണ്‍കൊടി എന്നെ തന്നെ നോക്കുന്നു. എന്തായിരിക്കും കാരണം?

എന്ത് കുന്തമെങ്കിലും ആവട്ടെ. വല്ലപ്പോഴും കിട്ടുന്ന ഒരു ചാൻസ് ആണ്. സ്വതവേ തുറന്നിരിക്കുന്ന വായ ഒന്ന് കൂടി തുറന്ന്, ഞാൻ നല്ല ഒന്നാന്തരം ഒരു ചിരി പാസാക്കി. അന്ന് പല്ല് തേച്ചതിന്റെ ഒരു പ്രത്യേക ആത്മവിശ്വാസവും ഉണ്ടെന്നു കൂട്ടിക്കോ! പക്ഷേ, ആ ചിരി അധികം നീണ്ടില്ല. ആ കുട്ടി അടുത്ത് നിന്ന ഒരാളെ വിളിച്ച് എന്നെ ചൂണ്ടി കാണിച്ചു. ചെവിയിലെന്തോ പറയുകയും ചെയ്തു. അയാൾ എന്റെ അരികിലേക്ക് നടന്നു തുടങ്ങിയപ്പോഴേ എനിക്ക് രണ്ടു കാര്യങ്ങൾ മനസ്സിലായി. അത് അവളുടെ ഭർത്താവാണെന്നും എന്റെ കാര്യം കട്ടപ്പൊകയാണെന്നും! "ജീവിതമാണ്. നാറ്റിക്കരുത്!" എന്ന പാലാരിവട്ടം ശശിയുടെ ഡയലോഗ് ഞാൻ ഉരുവിട്ട് പഠിച്ചു. അയാൾ ചോദിച്ചു, "തിരി തീർന്നു ചേട്ടാ. ഒരെണ്ണം തന്നാൽ ഉപകാരമായിരിക്കും."
ങേ! ചേട്ടാന്നോ? എന്നെയോ?  ഓഹോ! അപ്പൊ അതാണ്‌ കാര്യം. നാളെ പുലർച്ചെ വിളക്ക് തെളിയിക്കാൻ തിരിനൂൽ ഇല്ല. അവസാനത്തെ പാക്കെറ്റ് ആണ് എന്റെ കയ്യിൽ ഇരിക്കുന്നത്. പാത്തുമ്മായുടെ ആടിൽ ചാമ്പങ്ങാ നോക്കിയ പെമ്പിള്ളേർ തന്നെയാണ് നോക്കിയതെന്ന് തെറ്റിദ്ധരിച്ച ബഷീറിനെ പോലെ, തിരി നോക്കിയ സുന്ദരി എന്നെയാണ് നോക്കിയതെന്ന് ഞാനും  തെറ്റിദ്ധരിച്ചു. ഒടുവിൽ ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം സമ്മാനിച്ച പഴയ കാമുകനെ മനസ്സിൽ ധ്യാനിച്ച്‌, ഒരു തിരി ചോദിച്ച ആ കപ്പിൾസിനു  ഒരു കെട്ടു തിരിയും ഒരു സുന്ദരമായ വിഷുവും നേർന്നു ഞങ്ങൾ മടങ്ങി.

വിഷുപ്പുലരി. "കേഡീ , കണ്ണ് തുറക്കാതെ എഴുന്നേറ്റോളൂ." മധു ചേട്ടൻ വിളിച്ചുണർത്തി. ഞാൻ കണ്ണടച്ച് എഴുന്നേറ്റു. വിഷുക്കണിക്ക് മുന്നില് ഇരുന്നു. എന്നിട്ട് ആ വർഷത്തെ സമ്പദ് സമൃദ്ധമാക്കാനുള്ള കാഴ്ചകളിലേക്ക് മിഴി തുറന്നു. ഒരു കുഞ്ഞുവിളക്കിന്റെ സ്വർണ്ണവെളിച്ചത്തിൽ ഞാൻ കണ്ടു. അതാ മധു ചേട്ടന്റെ 15.6 ഇഞ്ച്‌ HP ലാപ്ടോപ്പ്! എന്റെ 13.1 ഇഞ്ച്‌ തോഷിബ ലാപ്ടോപ്പ്! വേറാർ യൂ കൃഷ്ണാ??? നമ്മുടെ കഥാ നായകൻ എങ്കെ? ഞാൻ കണ്ണ് തിരുമ്മി വീണ്ടും നോക്കി.
ആഹ് കണ്ടു. കക്ഷി കമ്പ്യൂട്ടറിനകത്ത് ഇരുന്നു ചിരിക്കുന്നു. ഒന്നിൽ സാക്ഷാൽ ഗുരുവായൂരപ്പൻ. മറ്റേതിൽ ഒരു പശുക്കുട്ടിയെ കെട്ടിപ്പിടിച്ചു നില്ക്കുന്ന ഗോപാലകൃഷ്ണൻ. പിന്നെ, തലേന്ന് വാങ്ങിയ ഫ്രൂട്ട്സ് ആൻഡ്‌ വെജിറ്റബിൾസ്, മധു ചേട്ടന്റെ സ്വർണമാല, ഒരു കൂമ്പാരം നാണയങ്ങൾ, പല രാജ്യങ്ങളുടെ കറൻസികൾ അങ്ങനെയങ്ങനെ ഭക്തിയും ടെക്നോളജിയും ഐശ്വര്യവും ഒക്കെ മിക്സ്‌ ചെയ്ത നല്ല ഒന്നാന്തരം കണി.

"ബട്ട്‌, മിസ്റ്റർ ഗോവിന്ദൻ, ഇതൊന്നും വലിയ പുതുമയുള്ള സംഭവം അല്ല കേട്ടോ. കേരളം വിട്ടാൽ ഒരു മാതിരി ടീംസ് ഒക്കെ ഇങ്ങനെ തന്നെയാ ചെയ്യുന്നത്. ഒള്ളത് കൊണ്ട് ഓണം പോലെ എന്നല്ലേ പ്രമാണം. മാത്രമല്ല, (കണ്ണിൽ നിരാശ) നേരത്തെ പറഞ്ഞ കക്ഷികളെയൊന്നും കണ്ടതുമില്ല."
"ചേട്ടാ, പ്ലീസ് നോ ആക്രാന്ത്. ഞാനൊന്ന് തുടർന്നോട്ടെ"

കേവലം നാല് എം.ബി ഇന്റേണൽ മെമ്മറിയും രണ്ട് ജീബി എക്സ്റ്റേണൽ മെമ്മറിയും ഫ്ലാഷ് ഇല്ലാത്ത രണ്ട് മെഗാ പിക്സെൽ ക്യാമറയും ഉള്ള ഒരു നോക്കിയ ഫോണ്‍ ആണ് 2010 മുതൽ എന്റെ സന്തതസഹചാരി. നോ വൈഫൈ, നോ ത്രീജി. നോ വാട്സാപ്പ്, നോ കുന്തം, നോ കുടച്ചക്രം. എന്നിട്ടും ഇതുവരെ എനിക്കൊരു സ്മാർട്ട്‌ ഫോണ്‍ വേണം എന്ന് തോന്നിയില്ല.
"ഇതൊരു രോഗം ആണോ ചേട്ടാ?"
"എനിക്കറിയാവുന്ന ഒരു രോഗം തനിക്ക് ഉണ്ട്. ഇതിനെ ഇംഗ്ലീഷിൽ 'കട്ടിംഗ് കൈ നോ തേക്കൽ ദ സാൾട്ട്' എന്നും  മലയാളത്തിൽ അറുത്ത കൈക്ക് ഉപ്പു തേക്കാത്ത പിശുക്കൻ എന്നും പറയും. പക്ഷേ, മൂവായിരം രൂപയ്ക്ക് വരെ സ്മാർട്ട്‌ ഫോണ്‍ കിട്ടുന്ന ഇക്കാലത്ത് തന്റെ രോഗം, അതാണെന്ന് തോന്നുന്നില്ല."
"എന്താണെങ്കിലും തുറന്നു പറഞ്ഞോളൂ ചേട്ടാ"
"ഡോ, താൻ ആദ്യം സരിതയുടെ കാര്യം പറ. എന്നിട്ട് ആലോചിക്കാം ബാക്കി.

ഒരു ദിവസം ഓഫീസിൽ ചെല്ലുമ്പോൾ ചൈനക്കാരൻ മൊതലാളി മൊബൈലും പിടിച്ച് എന്റെ അടുത്തേക്ക്  ഓടി വരുന്നു. എന്നിട്ട് ഒരു ചോദ്യം. "ഷിയങ്ങ് ജിങ്ങ് ഹ്വാ സരിതാ നായർ കിഷീ ഷുവാ ചും ചും!!!"
"!!!!!!!!!!!"
"മിസ്റ്റർ കേഡി, ഈസ്‌ സരിതാ നായർ ഫ്രം യുവർ പ്ലെയ്സ്?"
കഥയൊന്നും അറിയാത്ത ഞാൻ പറഞ്ഞു. "യെസ്. യെസ്. ഷീ ഈസ്‌ എ പബ്ലിക്‌ ഫിഗർ ഇൻ കേരള. വെരി ബോൾഡ് ആൻഡ്‌ വെരി ഓപ്പണ്‍!"
അങ്ങേര് എന്റെ തോളിൽ തട്ടി, "ലക്കി ഫെല്ലോ". 
"!!!!!!!!!!!"
വർക്ക്‌ ഷോപ്പിൽ ചെന്നപ്പോ ബംഗാളികളൊക്കെ ഓടി വരുന്നു. "ക്യാ ആപ്കോ സരിതാ നായർ കോ മാലൂം ഹേ?" 
"ഹാ ഭായ് ലോക്. മേരാ ഗാവ് വാലാ ഹേ!"
ബംഗാളികളുടെ കണ്ണിൽ അസൂയ. ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം പോലും ഞാൻ അറിഞ്ഞില്ല എന്നത് അവർക്ക് അറിയില്ലല്ലോ!
മലയാളികളുടെ കാര്യം പിന്നെ പറയണോ? അന്ന്, മിസ്റ്റർ.അണ്ടനും അടകോടനും വരെ വീഡിയോ ഷെയർ ചെയ്തു ക്ഷീണിച്ചുറങ്ങിയ ആ രാത്രിയിൽ, ഞാൻ മാത്രം മറ്റേ സാധനം പോയ അണ്ണാന്റെ പോലെ ഉറക്കം വരാതെ കിടന്നു. ഉറങ്ങിയപ്പോൾ സ്മാർട്ട്‌ ഫോണ്‍ ഇല്ലാത്ത എന്നെ ആഗോള സ്മാർട്ട്‌ ലോകം കല്ലെറിഞ്ഞ് കൊല്ലുന്നത് സ്വപ്നം കണ്ട് ഞാൻ ഞെട്ടിയുണർന്നു. മനസ്സ് മുഴുവൻ മീരാ ജാസ്മിന്റെ ഡയലോഗ് ആയിരുന്നു. "കയ്യിലൊരു സ്മാർട്ട്‌ ഫോണ്‍ ഇല്ലാതെ എത്ര ഓണം ഉണ്ടട്ട് എന്താ കാര്യം?!!!" സാഗർ കോട്ടപ്പുറം പറഞ്ഞത് പോലെ, പിന്നീട് ഞാൻ സൂര്യോദയങ്ങൾ കണ്ടില്ല. പുൽമേടുകളിൽ മേയുന്ന ആട്ടിൻപറ്റങ്ങളെയോ മരുഭൂമിയിൽ അലയുന്ന ഒട്ടകങ്ങളെയോ കണ്ടില്ല. വഴിയരികിൽ തലയുയർത്തി നിൽക്കുന്ന ബുർജ് ഖലീഫയേയോ ജുമൈറ ബീച്ചിൽ സണ്‍ ബാത്ത് ചെയ്യുന്ന സുന്ദരിമാരേയോ കണ്ടില്ല!!!


ഒരേ ഒരു ചിന്ത.... ഒരു സ്മാർട്ട്‌ ഫോണ്‍ വാങ്ങണം! ഇതുവരെ സ്മാർട്ട്‌ ഫോണ്‍
ഇല്ലാതിരുന്നതിന്റെ ക്ഷീണം തീർക്കാൻ ഒരു മികച്ച ഫോണ്‍... ഒടുവിൽ എന്റെ സമയവും വന്നു. കഴിഞ്ഞയാഴ്ച ഞാനും വാങ്ങി ഒരു സ്മാർട്ട്‌ഫോണ്‍. ഒരു ചെറിയ ഐഫോണ്‍6, 64 ജീബി!!! പൊക്കം 5.44 ഇഞ്ച്‌, വണ്ണം 2.64 ഇഞ്ച്‌, കനം 0.27 ഇഞ്ച്‌.  നിറം സ്പേസ് ഗ്രേ. വളവും ചുളിവും ഒന്നും ഇല്ലാത്ത ഒരു ചുള്ളൻ!

"തനിക്ക് പൊങ്ങച്ചം വിളമ്പാൻ ആണോ ഈ ബ്ലോഗും തുറന്നു വച്ച് ഇരിക്കുന്നത്?"
"ചേട്ടാ അത് പിന്നെ... ഞാൻ..."
 "ഡോ, ഐ ഫോണ്‍ 6 ഇറങ്ങിയതിനു ശേഷം ഇതിനകം പത്തു മില്യണിൽ ഏറെ  ഐഫോണുകൾ വിറ്റഴിഞ്ഞു. അതിലൊരെണ്ണം താനും വാങ്ങി. അത്രയല്ലേയുള്ളൂ?"
"ചേട്ടാ, അങ്ങനെ പുച്ഛിക്കരുത്. ഈ 2014 നവംബർ വരെ ഒരു സ്മാർട്ട്‌ ഫോണ്‍ പോലും ഉപയോഗിക്കാതെ നേരെ ഐ ഫോണിലേക്ക് ചാടിയ എത്ര പേർ കാണും ഈ പത്തു മില്യണിൽ? 
നോ തേക്കൽ ദ സാൾട്ട് രോഗമുള്ള എത്ര പേർ കാണും ഈ പത്തു മില്യണിൽ?
ഫോണ്‍ കയ്യിൽ കിട്ടിയിട്ടും ഉപയോഗിക്കാൻ അറിയാത്ത എത്ര പേർ കാണും ഈ പത്തു മില്യണിൽ!!!?"
"ഡോ, താനെന്താ ആളെ കളിയാക്കുവാ? ഇതിലെവിടാടോ സരിതാ നായർ?"
"ഈ സരിതയാരാ ചേട്ടന്റെ അമ്മായീടെ മോളോ? ആരെങ്കിലും എവിടെയെങ്കിലും സരി... എന്ന് പറഞ്ഞു തുടങ്ങിയാൽ ചാടി വീണോളും. ഞാൻ ആദ്യമേ പറയാൻ വന്നതാ, ചേട്ടൻ വിചാരിക്കുന്ന പോലെ ഒന്നും ഇല്ലെന്ന്. അതിന് എന്നെ പറയാൻ സമ്മതിക്കേണ്ടേ? പിന്നെ, എന്തൊക്കെ പറഞ്ഞാലും എനിക്ക് മോട്ടിവേഷൻ തന്നത് അവരല്ലേ?"
"തേങ്ങാക്കൊല!"

വാൽക്കഷ്ണം:
ഐഫോണ്‍ ആനയാണ് കുതിരയാണ് എന്നൊക്കെ പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ച നിഖിലിന് പ്രത്യേകം നന്ദി.
"രണ്ടു ലാപ്ടോപ് ഒരുമിച്ചു കണി കണ്ടപ്പോ എന്റെ ഗുരുവായൂരപ്പാ, ഇത് ഞാൻ ഒട്ടും നിരീച്ചില്യ ട്ടോ!
ബൈ ദ വേ, വാസ്സപ്പ് ഗുരുവായൂരപ്പൻ?!!!"

Sunday 2 November 2014

മരണമെത്തുന്ന നേരത്ത്...

"അളിയാ, മറ്റേ പുലി അയാളെ കൊല്ലുന്ന വീഡിയോ കണ്ടോ?" അത്താഴം കഴിക്കുന്നതിനിടയിൽ സഹമുറിയന്റെ അന്വേഷണം. ഡൽഹിയിലെ മൃഗശാലയിൽ വെള്ളക്കടുവ ഒരാളെ കടിച്ചു കൊന്നതിനെക്കുറിച്ചാണ് ചോദ്യം. "വാർത്ത വായിച്ചു. വീഡിയോ പ്ലേ ചെയ്തില്ല" ഞാൻ പറഞ്ഞു. പക്ഷേ, അന്ന് കൂടുതലും ഞാൻ ചിന്തിച്ചത് അതിനെ കുറിച്ചായിരുന്നു. അരവിന്ദ് അഡിഗയുടെ 'The White Tiger' നെ കുറിച്ചും മഹാഭാരതത്തിലെ യക്ഷ പ്രശ്നത്തെ കുറിച്ചും. പക്ഷേ, അതും ഇതും മറ്റേതും തമ്മിൽ ക്യാ കണക്ഷൻ? 

 മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഗങ്ങളിൽ ഒന്നാണ് യക്ഷപ്രശ്നം. ആ കഥ കേൾക്കാത്തവർക്കായി ഒന്ന് ചുരുക്കി പറയാം.

"സ്റ്റോപ്പ്‌ സ്റ്റോപ്പ്‌. ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു പറഞ്ഞു തീർന്നതല്ലേയുള്ളൂ. അപ്പോഴേക്കും വേണോ അടുത്ത പുരാണം? താൻ ഒരു പഴഞ്ചൻ ആണെന്ന് വായനക്കാർ തെറ്റിദ്ധരിക്കും മിസ്റ്റർ."

"നോ മാൻ. ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു ഒരു കോമഡി സ്കിറ്റ് ആയിരുന്നു. ഇത് പക്ഷേ, ധാർമികതയും അറിവും തത്വചിന്തയും ഒക്കെ ഒത്തു ചേർന്ന ഒരു പുണ്യ പുരാണ നാടകമാണ് ഹേ! മാത്രമല്ല പുട്ടിനു പീര പോലെ, നോവലും കവിതയും ഒക്കെ കുത്തിത്തിരുകിയിട്ടുമുണ്ട്."

"തനിക്ക് അത്ര വിശ്വാസമാണെങ്കിൽ നാടകം തുടരട്ടെ..."

ഈശ്വരോ രക്ഷതു!

വനവാസ കാലത്ത് ഒരിക്കൽ യുധിഷ്ഠിരന്റെ ദാഹമകറ്റാൻ നകുലൻ വെള്ളം അന്വേഷിച്ച് പോയി. കുറച്ചകലെ അദ്ദേഹം മനോഹരമായ ഒരു പൊയ്ക കണ്ടെത്തുകയും ചെയ്തു. പക്ഷേ, വെള്ളം എടുക്കുന്നതിൽ നിന്നും ഒരു കൊക്ക് അവനെ തടഞ്ഞു. തന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ വെള്ളം എടുത്തു കുടിച്ചാൽ പിന്നെ ജീവനോടെ കാണില്ല എന്നൊരു ഭീഷണിയും. ഒരു കൊക്കിന്റെ ഭീഷണി, അതും പഞ്ചപാണ്ഡവന്മാരിൽ ഒരാളായ നകുലനോട്! നകുലൻ അത് അവഗണിച്ച് വെള്ളം കുടിക്കുകയും അവിടെ തന്നെ മരിച്ചു വീഴുകയും ചെയ്തു. നകുലനെ അന്വേഷിച്ചു വന്ന സഹദേവനും പിന്നെ വന്ന അർജുനനും ഭീമനും ഇത് തന്നെ സംഭവിച്ചു. ഒടുവിൽ യുധിഷ്ഠിരനും എത്തി കുളക്കരയിൽ. വെള്ളം കൊണ്ട് വരാൻ പോയ അനുജന്മാർ വെള്ളമടിച്ചു വടിയായി കിടക്കുന്നു! നമ്മുടെ യുധി ചുറ്റും നോക്കി. അതാ ഒരു കൊക്ക്. കൂടെ, നേരത്തേ പറഞ്ഞ അതേ ഭീഷണിയും. യുധി പറഞ്ഞു, "എന്റെ അനുജന്മാരെ കൊല്ലാൻ മാത്രം ശക്തിയുള്ള അങ്ങ് കേവലം ഒരു കൊക്കല്ല എന്ന് മനസ്സിലായി. ദയവായി, സത്യം വെളിപ്പെടുത്തണം". താൻ ഒരു യക്ഷനാണ് എന്ന് കൊക്ക് മറുപടി കൊടുത്തു. യുധിഷ്ഠിരൻ ഉത്തരങ്ങൾ പറയാൻ തയ്യാറായി. പിന്നീടു യക്ഷൻ ചോദിച്ച ചോദ്യങ്ങളും യുധിഷ്ഠിരൻ നല്കിയ മറുപടികളും ആണ് 'യക്ഷപ്രശ്നം' എന്നറിയപ്പെടുന്നത്. ശാസ്ത്രവും തത്വചിന്തയും യുക്തിയും ഇടകലർന്ന യുധിഷ്ഠിരന്റെ മറുപടികൾ സഹസ്രാബ്ദങ്ങൾക്കിപ്പുറവും പ്രസക്തമായി നിലകൊള്ളുന്നു എന്നതാണ് യക്ഷപ്രശ്നത്തെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഉദാഹരണത്തിന്, പുല്ലിനേക്കാൾ അധികം ഉള്ളത് എന്ത്? ആകാശത്തേക്കാൾ ഉയരം ആർക്ക്? രോഗിയുടെ സുഹൃത്ത് ആര്?  അങ്ങനെയങ്ങനെ നിരവധി ചോദ്യങ്ങൾ. യുധിഷ്ഠിരന്റെ സുചിന്തിതമായ ഉത്തരങ്ങൾ... ആരണ്യ പർവത്തിലാണ് ഈ ഭാഗം ഉൾപ്പെടുന്നത്.കഴിയുമെങ്കിൽ കണ്ടെത്തി വായിക്കാൻ ശ്രമിക്കൂ. യക്ഷപ്രശ്നത്തിൽ  എനിക്കേറ്റവും ഇഷ്ടപ്പെട്ട ചോദ്യത്തിനെ അന്ന് മുഴുവൻ ഞാൻ കേഡിക്കണ്ണുകളിലൂടെ നോക്കുകയായിരുന്നു.

ക: ആശ്ചര്യ:?                       ആശ്ചര്യം എന്താണ്?                         What is Wonder ?

ഒന്നോർത്തു നോക്കിയാൽ എന്തോരം ആശ്ചര്യങ്ങളാ നമുക്ക് ചുറ്റും.
പിരമിഡ് മുതൽ ബുർജ് ഖലീഫ വരെ.
മഞ്ഞു തുള്ളി മുതൽ നയാഗ്ര വെള്ളച്ചാട്ടം വരെ.
ജോർജ് ക്ലൂണി മൂന്നാമതും പെണ്ണ് കെട്ടിയത് മുതൽ ഐശ്വര്യാ റായിയുടെ പ്രസവം വരെ... നമ്മുടെയൊക്കെ കാര്യം, കഷ്ടം തന്നെ മൊതലാളീ, കഷ്ടം തന്നെ!

യുധിഷ്ഠിരന്റെ ആശ്ചര്യം ഇതായിരുന്നു.

 അഹന്യഹനി ഭൂതാനി ഗച്ഛന്തീഹ യമാലയം|
ശേഷാ: സ്ഥാവരമിച്ഛന്തി കിമാശ്ചര്യമത: പരം||

 കാലം കൈ കൂപ്പി നിൽക്കുന്ന, ധർമപുത്രന്റെ മറുപടി:
"ദിവസേന ജീവജാലങ്ങൾ യമലോകത്തേക്ക് യാത്രയാവുന്നു. ശേഷിക്കുന്നവർ മരണമില്ലാത്തവരായിരിക്കാൻ  ആഗ്രഹിക്കുന്നു. ഇതിൽപരം ആശ്ചര്യം എന്താണ്?"

ശരിയല്ലേ, ഇതിൽപരം ആശ്ചര്യം എന്താണ്? വർഷങ്ങൾ, നൂറ്റാണ്ടുകൾ എത്രയോ പെയ്തൊഴിഞ്ഞു. കാലമെത്രയോ പുരോഗമിച്ചു. പക്ഷേ, മരണമെന്ന മഹാസത്യം തലയുയർത്തി നിൽക്കുമ്പോഴും, മരിക്കാതിരുന്നെങ്കിൽ എന്ന് ഒരു വട്ടമെങ്കിലും ആഗ്രഹിക്കാത്തവർ ആരുണ്ട്? യുധിഷ്ഠിരന്റെ മറുപടികളിൽ സന്തുഷ്ടനായ യക്ഷൻ, വെള്ളം കുടിക്കാനുള്ള അനുവാദത്തോടൊപ്പം ഒരു സഹോദരനെ ജീവിപ്പിക്കാനുള്ള ഓഫറും കൊടുത്തു. ആരായാലും കണ്‍ഫ്യുഷൻ ആയിപ്പോകും. ഭീമനെ വേണോ അതോ അർജുനനെ മതിയോ എന്ന കണ്‍ഫ്യുഷൻ. അതവിടെ നിൽക്കട്ടെ!

അരവിന്ദ് അഡിഗയുടെ 'The White Tiger' വായിച്ചപ്പോഴാണ് ഞാൻ വെള്ളക്കടുവയെ കുറിച്ച് ആദ്യമായി ചിന്തിക്കുന്നത്.
ഇന്ത്യ സന്ദർശിക്കാൻ വരുന്ന ചൈനീസ് പ്രധാനമന്ത്രിക്ക് കഥാനായകൻ എഴുതുന്ന കത്തിന്റെ രൂപത്തിലാണ് ആ നോവലിന്റെ അവതരണം. പൊറോട്ട കീറുന്നത് പോലെയാണ് ആ നോവൽ ഇന്ത്യയുടെ പ്രതിച്ഛായയെ കീറി മുറിക്കുന്നത്! ഓരോ പേജിലും വിമർശനം. ഘോരമായ വിമർശനം. എന്നിട്ടെന്താ? ആ വർഷത്തെ(2008) ബുക്കർ സമ്മാനം നല്കി സായ്പ്പന്മാർ അഡിഗയെ ആദരിച്ചു! മറ്റൊന്ന് കൂടി ചേർത്ത് വായിക്കണം. ഇന്ത്യയുടെ ചേരി മുഖം അനാവരണം ചെയ്ത 'സ്ലം ഡോഗ് മില്യണയർ' ആ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങൾ വാരിക്കൂട്ടുക കൂടി ചെയ്തു. ഇന്ത്യയെ കുറ്റം പറഞ്ഞാൽ സായ്പ്പന്മാർക്ക് സന്തോഷം ആവും എന്ന് ചുരുക്കം! പക്ഷേ, ചായപ്പീടികയിലോ കവലയിലോ നിന്ന് കുറ്റം പറഞ്ഞാൽ പോരാ. ലോകത്തിനു മുമ്പിൽ ചെന്ന് നിന്ന് കാര്യകാരണസഹിതം ഉറക്കെ വിളിച്ചു പറഞ്ഞു നാറ്റിക്കണം. അവാർഡ്‌ എപ്പോ കിട്ടി എന്ന് ചോദിച്ചാൽ മതി. 
അപ്പൊ, പറഞ്ഞു വന്നത്... വൈറ്റ് ടൈഗർ.
ആ നോവലിലെ, കേന്ദ്ര കഥാപാത്രം ബൽറാം, സ്വയം ഒരു വെള്ളക്കടുവ എന്നാണ് വിശേഷിപ്പിക്കുന്നത്. അയാളുടെ വ്യക്തിത്വം ഒരു വെള്ളക്കടുവയുടേത് പോലെ വ്യത്യസ്തമാണ് എന്ന് അയാൾ കരുതുന്നു. ജീനിലെ മാറ്റം മൂലം, ഓറഞ്ച് നിറം നൽകുന്ന പദാർത്ഥം ശരീരത്തിൽ ഇല്ലാതെ വരുമ്പോഴാണ് ഒരു വെള്ളക്കടുവ ജനിക്കുന്നത്. ആയിരക്കണക്കിന് കടുവകളിൽ ഒന്ന് മാത്രം അങ്ങനെ വെള്ളക്കടുവയായിത്തീരുന്നു. കടുവകൾ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഒരു വെള്ളക്കടുവയായിരിക്കുക എന്നത് എത്ര അപൂർവതയാണ്, അല്ലെ?  


അങ്ങനെ അപൂർവങ്ങളിൽ അപൂർവമായ ഒരു കടുവയുടെ കടിയേറ്റ് മരിക്കുക എന്ന് വെച്ചാൽ! മരിക്കാതിരിക്കുക എന്നാ ആഗ്രഹത്തോളം തന്നെ ആശ്ചര്യജനകമാണ് ചില മരണങ്ങളും. അന്ന് മുഴുവൻ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു! ഒരു വെള്ളക്കടുവയുടെ കടിയേറ്റുള്ള മരണം ഒരാളുടെയും വന്യമായ സങ്കൽപ്പങ്ങളിൽ പോലും ഉണ്ടാകാനിടയില്ല. ഉവ്വോ? എന്നിട്ടും ആ പാവം മനുഷ്യൻ, സഹജീവികളുടെ ക്യാമറകൾക്ക് വിരുന്നൊരുക്കി ഒരു വെള്ളക്കടുവയ്ക്ക് കഴുത്ത് നീട്ടി... ഞാൻ എങ്ങനെ ചിന്തിക്കാതിരിക്കും? അല്ല, പറഞ്ഞിട്ട് കാര്യമില്ല. പണിയൊന്നും ചെയ്യാതെ ഓഫീസിൽ കുത്തിയിരുന്നാൽ ഇതല്ല ഇതിനപ്പുറവും തോന്നും!

അതുകൊണ്ട് നമുക്കൊരു യൂ ടേണ്‍ എടുത്ത് യക്ഷന്റെ അടുത്തേക്ക് മടങ്ങാം. യുധി പറഞ്ഞു: "അങ്ങ് നകുലനെ ജീവിപ്പിച്ചാലും". 
"ബട്ട്‌ വൈ?" നമ്മളെ പോലെ യക്ഷനും ചോദിച്ചു. ഭീമനെയും അർജുനനെയും വേണ്ടെന്നു വെക്കാൻ എന്താണ് കാരണം? 
"പാണ്ഡുവിന് കുന്തിയിൽ പിറന്ന മകനായി ഞാൻ ജീവിച്ചിരിപ്പുണ്ട്. മാദ്രിയിൽ പിറന്ന നകുലനാണ് ഇനി ജീവിക്കേണ്ടത്. അല്ലാതെ കഴിവിന്റെയും കരുത്തിന്റെയും അളവ് വെച്ച് അനുജനെ തിരഞ്ഞെടുക്കുന്നത് ധർമമല്ല". (പഞ്ചപാണ്ഡവൻമാരിൽ ആദ്യത്തെ മൂന്നു പേർ കുന്തിയുടെ മക്കളാണ്. നകുല സഹദേവന്മാർ മാദ്രിയുടെയും. പാണ്ഡു മരിച്ചപ്പോൾ മാദ്രി ചിതയിൽ ചാടി മരിച്ചു. പിന്നെ കുന്തിയാണ് എല്ലാവരേയും വളർത്തിയത്.)
ഹാ! നാലനുജന്മാർ മരിച്ചു കിടക്കുമ്പോഴും സമചിത്തത വെടിയാതെ, സംശയലേശമന്യേ യുധിഷ്ഠിരന്റെ മറുപടി. എത്ര മഹത്തായ ചിന്ത! 
ഇത്ര മനോഹരവും മഹത്തരവുമായ കാഴ്ചപ്പാടുകൾ ലോകത്തിനു നൽകിയ ഋഷീശ്വരന്മാർക്ക് പ്രണാമം. വെറുതെയാണോ മാക്സ് മുള്ളറും റുഡോൾഫ് റോത്തും ഒക്കെ അടങ്ങാത്ത ആവേശത്തോടെ ഭാരതത്തിലേക്ക് എത്തിയത്? ഷേക്ക്‌സ്പിയറും ഷെല്ലിയും ജനിച്ച സ്ഥലങ്ങളിൽ മനുഷ്യവാസം ആരംഭിക്കുന്നതിനു മുന്നേ, മനുഷ്യസങ്കൽപ്പങ്ങളുടെ പരിധി അളന്നവരായിരുന്നു നമ്മുടെ പൂർവികർ. പക്ഷേ, പിന്നീടുള്ള വഴികളിൽ എവിടെയോ വച്ച് നാം നമ്മളെ മറന്നു. ഈ മറവിയാണ് ഭാരതം ഇന്ന് നേരിടുന്ന മൂല്യച്യുതിയുടെ ഒരു കാരണം. പറഞ്ഞു പറഞ്ഞു കാട് കയറിയപ്പോഴാണ് കണ്ടത്, ദാ കാട്ടിൽ നിൽക്കുന്നു യുധിഷ്ഠിരനും യമനും! "നിന്റെ അറിവിലും ധർമബോധത്തിലും ഞാൻ സന്തുഷ്ടനായിരിക്കുന്നു" യമൻ പറഞ്ഞു.
കൊച്ചു ഗോവിന്ദന് തെറ്റിപ്പോയി, യമനല്ല, യക്ഷനാണ് പറഞ്ഞത് എന്ന് തെറ്റിദ്ധരിച്ചവർക്ക് തെറ്റി! പറഞ്ഞത് യമൻ തന്നെ. യുധിഷ്ഠിരന്റെ പിതാശ്രീ! അപ്പൊ, യക്ഷനോ? യുധിഷ്ഠിരനെ പരീക്ഷിക്കാൻ കൊക്കിന്റെ/യക്ഷന്റെ വേഷം ധരിച്ചെത്തിയ സാക്ഷാൽ കാലനായിരുന്നു അത്. മകന്റെ അറിവിലും ധർമബോധത്തിലും അദ്ദേഹം സന്തുഷ്ടനായി. മരിച്ചു കിടന്ന നാലുപേരെയും ജീവിപ്പിച്ച് അനുഗ്രഹിച്ച് അദ്ദേഹം യാത്രയായി. 

കഥ കലാശ് ഹോ ഗയാ.

അതൊക്കെ ശരി. പക്ഷേ, ഈ ലേഖനത്തിന്റെ ഉള്ളടക്കവും ടൈറ്റിലും തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ലല്ലോ മോനെ? 
ഓ, അത് ശരിയാണല്ലോ. ഇപ്പ ശരിയാക്കി തരാം!

"മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ 
ഇത്തിരി നേരം ഇരിക്കണേ.
കനലുകൾ കോരി മരവിച്ച വിരലുകൾ 
ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ..."
പക്ഷേ, ഒരു വെള്ളക്കടുവ കടിക്കുമ്പോൾ, ഹാർട്ട് അറ്റാക്ക്‌ വന്ന് പിടയുമ്പോൾ, വണ്ടി ഇടിക്കുമ്പോൾ, സുനാമി വരുമ്പോൾ... ആരാണ് പ്രിയതമയെ തലോടുന്നത്? അവളുടെ ഗന്ധം കലർന്ന ശ്വാസകണിക അവസാനമായി ഉള്ളിലേക്കെടുക്കുന്നത്? 
തൊട്ടടുത്തുള്ളപ്പോൾ ഒന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ, മരിക്കാൻ കിടക്കുമ്പോൾ സെന്റിമെന്റലാവുന്ന, നമ്മുടെ ആ സൈക്കോളജി! ആശ്ചര്യം തന്നെ!