Thursday 31 December 2015

നമ്മ വീണ്ടും പൊളിക്കും ബ്രോസ്!

ഉമ്മൻ ചാണ്ടിയും അച്ചുമാമനുമുണ്ട്.
പിണറായിയും വെള്ളാപ്പള്ളിയുമുണ്ട്.
ട്രോളിക്കളിക്കാൻ തിരുവഞ്ചൂരുണ്ട്.
കമ്മി-കൊങ്ങി-സങ്കി-സുടാപ്പി
അനുയായികൾ ധാരാളമുണ്ട്!
നിയമസഭാ തെരഞ്ഞെടുപ്പ്
പടിവാതിലിൽ നിന്നെത്തി നോക്കുന്നുണ്ട്.

വീണു മരിക്കാൻ ഓടകളും കുഴൽക്കിണറുകളും
ശവത്തിൽ കുത്താൻ
മദമിളകിയ മതനേതാക്കളും
പോസ്റ്റ്‌മോർടം ചെയ്യാൻ വേണുവും നികേഷും ഉണ്ട്.

മാലിന്യവും പേപ്പട്ടിയും കൊതുകും
വേണ്ടുവോളമുണ്ട്.
കൊല്ലാനും കൊല്ലിക്കാനും
പശുക്കളും പന്നികളുമുണ്ട്.
കയ്യേറി നികത്താൻ പുഴകളും
ഇടിച്ചു നിരത്താൻ കുന്നുകളും
ഇഷ്ടം പോലെ ബാക്കിയുണ്ട്.

വടക്ക് വടക്ക് ഒരു ദേശത്ത്
ഒരു മോദിയങ്കിളും ഒരു മദാമ്മയും
അവർക്ക് സ്തംഭിപ്പിച്ച് കളിക്കാൻ
ഒരു പാർലമെന്റും ഉണ്ട്.

സൽമാനും ലാലുവും ജയലളിതയും
സുരക്ഷിതരായി പുറത്തും
ഗോവിന്ദച്ചാമിയും നിഷാമും
സുരക്ഷിതരായി അകത്തും ഉണ്ട്.

ഇതൊന്നും പോരെങ്കിൽ,
അങ്ങു ദൂരെ അന്താരാഷ്ട്രത്തിൽ
ഐ എസ് തീവ്രവാദികളും അഭയാർത്ഥികളും
സാമ്പത്തികമാന്ദ്യവും ഉണ്ട്.
അമേരിക്കക്ക് പുതിയ പ്രസിഡന്റും
ബ്രസീലിൽ ഒളിമ്പിക്സും വരുന്നുണ്ട്.
പിന്നെ,
പ്രതീക്ഷയുടെ പൂക്കാലം സമ്മാനിച്ച്
ബിജുവിന്റെ സീഡിയും...!

എന്നു വെച്ചാൽ നമ്മൾ,
അതായത് പ്രബുദ്ധരായ മലയാളികൾ
2016 ഉം പൊളിക്കും!

എല്ലാ ബ്രോസിനും സിസ്സിനും ബഡ്‌ഡീസിനും
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!

Tuesday 22 December 2015

ഓക്സ്ഫോഡ്+സോഷ്യൽ മീഡിയ=അണ്ടകടാഹം!

മലയാളം ബ്ലോഗെഴുത്തുകാരെ കമന്റുകളിലൂടെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന വ്യക്തി ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അജിത്‌ കുമാർ. 'എന്ന് സ്വന്തം' എന്ന ബ്ലോഗിലൂടെ 'മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ?" എന്ന് നമ്മളെ ഓർമപ്പെടുത്തുന്ന അജിത്തേട്ടന്റെ ഈ പോസ്റ്റിലൂടെയാണ് മലയാളത്തിന്റെ ആധികാരിക ശബ്ദകോശമായ ശബ്ദതാരാവലിക്ക് ഒരു ഡിജിറ്റൽ പതിപ്പ് അണിയറയിൽ  തയ്യാറാവുന്ന വിവരം ഞാൻ ആദ്യമായി അറിയുന്നത്. പിന്നീട് മാതൃഭൂമി വാരാന്തപ്പതിപ്പിൽ, ഈ സംരംഭത്തിന് ചുക്കാൻ പിടിച്ച വിശ്വപ്രഭ എന്ന വിശ്വനാഥൻ പ്രഭാകരൻ സാറിനെയും അദ്ദേഹത്തിന്റെ പ്രയത്നങ്ങളെയും കുറിച്ച് വായിക്കാൻ ഇടയായി. ഭൂഗോളത്തിന്റെ പല കോണുകളിലും ഇരുന്ന് വിശ്വപ്രഭ സാറിന്റെ നേതൃത്വത്തിൽ ഈ വലിയ സംരംഭത്തിൽ പങ്കാളികളായ എല്ലാവരോടും ഓരോ ഭാഷാസ്നേഹിയും കടപ്പെട്ടിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. വർഷാവർഷം ഭാഷാപോഷണത്തിന് കോടികൾ പൊടിക്കുന്ന അധികാരവൃന്ദം ഇത്തരം നിസ്വാർത്ഥസേവനങ്ങളെ കണ്ടു പഠിക്കുന്നത് നന്നായിരിക്കും. ഫേസ്ബുക്കിലെ ഒരു സ്വകാര്യ കൂട്ടായ്മ മലയാളികൾക്ക് ഒരു വലിയ പദസഞ്ചയം തയ്യാറാക്കുമ്പോൾ മറ്റൊരിടത്ത് സോഷ്യൽ മീഡിയ, ഡിക്ഷണറി സങ്കൽപ്പത്തെ തന്നെ കീഴ്മേൽ മറിച്ചിരിക്കുന്നു. പക്ഷേ, സരിതയുടെ സാരിത്തുമ്പിലും ചാണ്ടിയുടെ സീഡിത്തുണ്ടിലും അഭിരമിക്കുന്നതിനിടയിൽ ആ ചെറിയ 'വലിയ' വാർത്ത പലരും അറിയാതെ പോയി. പ്രശസ്തമായ ഓക്സ്ഫോഡ് ഡിക്ഷണറിയുടെ 'WORD OF THE YEAR-2015' (ഈ വർഷത്തെ വാക്ക്)-നെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

 ഒരായിരം വാക്കുകൾക്ക് പറയാവുന്നതിലേറെ കാര്യങ്ങൾ ഒരു ചിത്രത്തിന് പറയാൻ കഴിയും എന്ന് നമ്മളെല്ലാം കേട്ടിട്ടുണ്ട്. എങ്കിലും ഒരു വാക്കിനെ ചിത്രമാക്കാനോ ഒരു ചിത്രത്തെ വാക്ക് ആക്കി മാറ്റാനോ ആർക്കും കഴിഞ്ഞിട്ടില്ല. വാക്ക് എന്നും വാക്കായും ചിത്രം എന്നും ചിത്രമായും തുടർന്നു പോന്നു. എന്നാൽ ഇനി മുതൽ അങ്ങനെയല്ല! ആംഗലേയ ഭാഷാലോകത്തെ അതികായരായ ഓക്സ്ഫോഡ്, ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിന് വാക്കിന്റെ പദവി നൽകിയിരിക്കുന്നു.



നമ്മൾ വാട്സാപ്പിലും ഫേസ്ബുക്കിലും ഒക്കെ പുട്ടിന് പീര പോലെ ചേർക്കുന്ന, സന്തോഷക്കണ്ണീർ പൊഴിക്കുന്ന ഇമോജിയാണ് 2015 ലെ വാക്കായി ഓക്സ്ഫോഡ് തെരഞ്ഞെടുത്തിരിക്കുന്നത് 😂😂😂!

ഈ തെരഞ്ഞെടുപ്പിന് പിന്നിലെ കാരണവും ഓക്സ്ഫോഡ് വ്യക്തമാക്കുന്നുണ്ട്. തൊണ്ണൂറുകൾ മുതൽ ഇമോജികൾ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അവയുടെ ഉപയോഗത്തിൽ ഒരു കുതിച്ചു ചാട്ടം പ്രകടമായത് 2015ൽ ആണത്രേ. ഇമോജികളുടെ കൂട്ടത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇമോജിയാണ് 😂. 2015 ന്റെ ആകെ മൊത്തത്തിലുള്ള അവസ്ഥ (ethos, mood and preoccupation ) ഈ ഇമോജിയിൽ  😂ൽ പ്രതിഫലിക്കുന്നുണ്ട് എന്ന് കൂടി ഓക്സ്ഫോഡ് കണ്ടെത്തിയിരിക്കുന്നു! മൊബൈൽ സാങ്കേതികതയുടെ വ്യാപാരത്തിൽ മുൻനിരക്കാരായ Swiftkey യുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഗ്രാഫ് സഹിതമുള്ള വിശദമായ വിവരണം ഓക്സ്ഫോഡിന്റെ ഒഫിഷ്യൽ ബ്ലോഗിൽ വായിക്കാം

ആദ്യവായനയിൽ സന്തോഷവും കൗതുകവും ജനിപ്പിക്കുന്ന വാർത്തയാണെങ്കിലും വളരെ ഗൗരവമേറിയതും വലിയ മാനങ്ങൾ ഉള്ളതുമായ ഒരു തെരഞ്ഞെടുപ്പാണ് ഓക്സ്ഫോഡ് നടത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ സ്വാധീനം ഒരു പദകോശത്തിന്റെ  അടിസ്ഥാന സങ്കൽപ്പങ്ങളെ തന്നെ മാറ്റിയെഴുതിരിക്കുന്നു എന്നത് വിപ്ലവകരവും സമാനതകൾ ഇല്ലാത്തതുമാണ്. ഓക്സ്ഫോഡ് ഡിക്ഷണറിയുടെ  പുതിയ പതിപ്പിൽ ഈ ഇമോജി  😂 ഉൾപ്പെടുത്തുമോ? അക്ഷരമാലാ ക്രമത്തിൽ ചിരിച്ചു കൊണ്ട് കരയുന്ന ഈ 😂ന് എവിടെയാണ് സ്ഥാനം തുടങ്ങി നിരവധി സംശയങ്ങൾ പലയിടത്ത് നിന്നും ഉയരുന്നുണ്ട്. എന്തൊക്കെയായാലും ഈ തെരഞ്ഞെടുപ്പിലൂടെ ഭാഷാചരിത്രത്തിലെ  ഒരു പുതിയ അധ്യായത്തിനാണ് ഓക്സ്ഫോഡ് തുടക്കം കുറിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. WORD OF THE YEAR പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റിനു താഴെ വന്നിരിക്കുന്ന ഇരുന്നൂറിൽ പരം പ്രതികരണങ്ങൾ രസകരവും ഈ തെരഞ്ഞെടുപ്പിന്റെ വിവിധവശങ്ങൾ ചർച്ച ചെയ്യുന്നവയും കൂടിയാണ് കേട്ടോ. അതുപോലെ, വിവിധ ഇമോജികളെ കുറിച്ചുള്ള നമ്മുടെ അറിവ് പരിശോധിക്കുന്ന പ്രശ്നോത്തരിയും ഓക്സ്ഫോഡിന്റെ ബ്ലോഗ് പോസ്റ്റിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഈ തെരഞ്ഞെടുപ്പിലൂടെ ഒരു കാര്യം അനുമാനിക്കാം.ഒന്നുകിൽ മാറ്റത്തിന്റെ കാറ്റ് തിരിച്ചറിഞ്ഞ് അവർ മുമ്പേ പറന്നിരിക്കുന്നു അല്ലെങ്കിൽ അവർ സ്വന്തം ശവപ്പെട്ടിയിൽ ആണിയടിച്ചിരിക്കുന്നു എന്ന്. ഒരു രഹസ്യം കൂടി പങ്കുവെച്ച് കൊണ്ട് നിർത്താം.

വരും വർഷങ്ങളിൽ പെയിന്റിങ്ങും ഫോട്ടോസും ഒക്കെ വാക്കിന്റെ പദവി കയ്യടക്കിയേക്കാം. എന്ന് വെച്ചാൽ, ഉളുപ്പില്ലായ്മ എന്ന പദത്തിന്റെ സ്ഥാനത്ത് ഉമ്മൻ ചാണ്ടിയുടെ പടം വരുന്ന കാലം വിദൂരമല്ല എന്ന് ചുരുക്കം. അതുകൊണ്ട്, സ്വന്തം സൃഷ്ടികൾ അന്താരാഷ്‌ട്ര ഡിക്ഷണറികളിൽ പ്രത്യക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ അതിനുള്ള പ്രയത്നം തുടങ്ങിക്കൊള്ളൂ എന്ന് മാത്രമേ പറയാനുള്ളൂ. ഞാൻ ഓൾറെഡി തുടങ്ങി കേട്ടോ. അതെ, ഞാനൊരു സാഹിത്യകാരനും ഫോട്ടോഗ്രാഫറും മാത്രമല്ല ഒരു ചിത്രകാരനും കൂടിയാണ് എന്ന ഞെട്ടിക്കുന്ന സത്യം ഇവിടെ വെളിപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. അതിന്റെ തെളിവാണ് താഴെ കൊടുത്തിരിക്കുന്നത്. ചിത്രത്തിന്റെ പേര് - അണ്ടകടാഹം വേർഷൻ 2. (ആദ്യത്തെ അണ്ടകടാഹം, 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന സിനിമയിൽ മുകേഷേട്ടൻ വരച്ചിട്ടുണ്ട്.)


ആസ്വാദനം എളുപ്പമാക്കുന്നതിനു വേണ്ടി ചില ബിംബങ്ങളെ വിശദീകരിക്കാം.
  • ചതുരത്തിലുള്ള പരമ്പരാഗത ഫ്രെയിം സങ്കൽപ്പങ്ങളെ പാടേ നിരാകരിക്കുന്ന ഈ ചിത്രം വലതു ഭാഗത്ത് മുകളിലായി അതിരുകൾ ഭേദിക്കുന്നു. അതായത് അദ്വൈതത്തിന്റെ പ്രതീകവൽക്കരണം. 
  • വിവിധ വർണങ്ങൾ സമ്മേളിക്കുന്ന പശ്ചാത്തലം മാക്രോസ്കോപിക് ലെവലിൽ ഈ പ്രപഞ്ചത്തെയും ചക്രവാളങ്ങളെയും സൂചിപ്പിക്കുന്നു. മൈക്രോസ്കോപിക് തലത്തിൽ ആ വർണസങ്കലനങ്ങൾ  ആന്തരികചോദനകളുടെ ബഹിർസ്ഫുരണമായി പരിണമിക്കുന്നു.
  • ഒന്ന് നേരെയും മറ്റേത് ചരിഞ്ഞും ഇരിക്കുന്ന രണ്ടു കണ്ണുകൾ കണ്ടില്ലേ? അത്, വ്യത്യസ്ത വീക്ഷണകോണുകളെ പ്രോത്സാഹിപ്പിക്കുന്നു. അതായത് സഹിഷ്ണുത. മനസ്സിലാവുന്നുണ്ടല്ലോ അല്ലേ?! 
  • കണ്ണിനെ സീഡിയായും മൂക്കിനെ സോളാർ കമ്മീഷനായും സങ്കല്പ്പിച്ചാൽ ചിത്രം ആനുകാലിക കേരളത്തിനു നേരെ പിടിച്ച കണ്ണാടിയാവുന്നു. അങ്ങനെ വരുമ്പോൾ ആ പുഞ്ചിരിക്കുന്ന ചുണ്ടുകൾ നാണംകെട്ട മാധ്യമങ്ങളുടെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? 
കൂടുതൽ വിശദീകരിച്ചാൽ നിങ്ങളുടെ ആസ്വാദനത്തെ അത് ബാധിക്കും. ഇത്രയും പറഞ്ഞതിലൂടെ തന്നെ എന്റെ ചിത്രരചനാപാടവത്തെ കുറിച്ച് എല്ലാവർക്കും ഏകദേശം മനസ്സിലായി എന്ന് കരുതുന്നു. ഈ ചിത്രത്തിൽ അവിടവിടെയായി ഒളിപ്പിച്ചു വെച്ചിരിക്കുന്ന അതിജീവനം, ആഗോളതാപനം, അഭയാർത്ഥി പ്രശ്നം, അഴിമതി, സദാചാരം തുടങ്ങിയ വിഷയങ്ങൾ നിങ്ങൾ കണ്ടെത്തും എന്ന് പ്രതീക്ഷിക്കുന്നു. ഈ ചിത്രത്തിന്റെ ആത്മാവിനെ സ്വാംശീകരിക്കാൻ കഴിയാത്ത പലരും ഞാൻ ചിത്രകലയെ മാനഭംഗം ചെയ്തു എന്നൊക്കെ ആക്ഷേപിക്കാൻ ഇടയുണ്ട്. സത്യത്തിൽ, ചീന്തിയെറിയപ്പെടുന്ന വ്രണിതഹൃദയങ്ങളുടെ നഗ്നമായ ആവിഷ്കാരം കൂടിയാണ് ഇത് എന്ന് മനസിലാക്കുക. അതോടൊപ്പം, പ്രതീക്ഷയുടെ വർണം നിരാശയുടെ ഇടയിൽ നിന്ന് എത്തിനോക്കുന്നത് എല്ലാവരും ശ്രദ്ധിക്കുമല്ലോ?

ഏവർക്കും അണ്ടകടാഹം പോലെ അർത്ഥപൂർണവും വർണാഭവുമായ പുതുവർഷം നേരുന്നു. നന്ദി.😂😂😂


Wednesday 30 September 2015

പൂച്ച മുതൽ പുളിയുറുമ്പ് വരെ


അങ്ങ് ദൂരെ ദൂരെയുള്ള കാടുകളിലും മലകളിലും മാത്രമല്ല, പ്രകൃതി, വിസ്മയങ്ങൾ ഒരുക്കിയിട്ടുള്ളത്. നമുക്ക് ചുറ്റുമുള്ള ഓരോ ചെടിയും പൂവും അനേകമനേകം കുഞ്ഞുജീവികളും എല്ലാം ഓരോരോ വിസ്മയങ്ങളാണ്. തിരക്കുകൾക്കിടയിൽ നമ്മൾ കാണാതെ പോകുന്ന വിസ്മയങ്ങൾ...

പലപ്പോഴായി കാമറയിൽ പകർത്തിയ ഏതാനും ചിത്രങ്ങൾ ഇവിടെ പങ്കുവെക്കാം എന്ന് കരുതുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ :)



അനുവാദമില്ലാതെ ഫോട്ടോയെടുത്തതിന് എന്നോട് ദേഷ്യപ്പെടുന്ന ഈ പൂച്ച  ദുഫായ്ക്കാരനാണ്. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഫ്രീയായി താമസം, ഭക്ഷണം. ഒരു പണിയും ഇല്ല. എന്നിട്ടാ അവൻ എന്നോട് ഇങ്ങനെ പെരുമാറണേ!


അമ്മക്കിളിയില്ലാത്ത നേരത്ത് കൂടിനടുത്തെത്തിയ കേഡിയെ നിസ്സഹായതയോടെ വീക്ഷിക്കുന്ന കുഞ്ഞുങ്ങൾ.


ഫോട്ടോയെടുക്കാൻ പോസ് ചെയ്ത് സഹകരിച്ച പുളിയുറുമ്പ് 


നാട്ടിലെ സദാചാരവാദികളെ വെല്ലുവിളിച്ച് പരസ്യമായി പ്രണയകേളികളാടുന്ന തുമ്പികൾ. (ഒളികാമറ ദൃശ്യം!)


നാലുമണിപ്പൂവിൽ നിന്ന് തേൻ നുകർന്ന് മടങ്ങുന്ന വണ്ട്


കറുപ്പിനഴക്... ഓ... വെളുപ്പിനഴക് 


GO GREEN എന്ന ആഹ്വാനം ജീവിതത്തിൽ പകർത്തിയ എട്ടുകാലി 


സ്മൈൽ പ്ലീസ് എന്ന് പറഞ്ഞപ്പോ, ഇത്ര പ്രതീക്ഷിച്ചില്ല!


പൂക്കളെ പുണർന്നിരിക്കുന്ന പ്രകൃതി സ്നേഹിയായ മറ്റൊരു എട്ടുകാലി


താഴെയുള്ള ഉറുമ്പുകളെ മുകളിലെത്തിക്കാനുള്ള ഉറുമ്പൻ പാലം.

Monday 3 August 2015

ജട്ടി ഇട്ടോ ഇടാതെയോ എഴുതാവുന്ന പരീക്ഷ

എപ്പോഴും ഇങ്ങനെയൊക്കെ നടന്നാൽ മതിയോ? പോരാ. വല്ലപ്പോഴും നമ്മൾ നമ്മുടെ അറിവുകൾ പരിശോധിക്കണം. അത് പുതുക്കിക്കൊണ്ടിരിക്കണം. ഇതാ നിങ്ങൾക്ക് ആത്മപരിശോധന നടത്താൻ സമകാലിക കേരളത്തിലെ സംഭവവികാസങ്ങളിൽ നിന്നും ചീന്തിയെടുത്ത ചില ചോദ്യങ്ങൾ.
വിഷയങ്ങളുടെ വ്യാപ്തി കണക്കിലെടുത്ത് രാഷ്ട്രീയം, സാംസ്കാരികം എന്നീ വിഷയങ്ങൾ മാത്രമേ ഇത്തവണ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഇതിനു കിട്ടുന്ന പ്രതികരണങ്ങളെ അടിസ്ഥാനമാക്കി അടുത്ത പ്രശ്നോത്തരിയിൽ കൂടുതൽ മേഖലകൾ ഉൾപ്പെടുത്തുന്നതാണ്. കേവലം പൊതുവിജ്ഞാനം എന്നതിലുപരി നിങ്ങളുടെ ചിന്താശേഷി പരിശോധിക്കുന്നതിനും കൂടി പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയാണ് ഇതെന്ന് പറഞ്ഞു കൊള്ളട്ടെ. എല്ലാവർക്കും വിജയാശംസകൾ.

പ്രത്യേക അറിയിപ്പ്: തട്ടം, ളോഹ, ഷർട്ട്, മുണ്ട്, സൽവാർ കമ്മീസ്, ഷമ്മീസ്, ബനിയൻ, ജട്ടി, കൊന്ത, പൂണൂൽ, തൊപ്പി തുടങ്ങിയവ ധരിച്ചോ ധരിക്കാതെയോ ഈ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.

1. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥലം ഏതാണ്?

a ) വിളപ്പിൽശാല
b ) പാളയം മീൻ മാർക്കറ്റ്
c ) മുഖ്യമന്ത്രിയുടെ ഓഫീസ്
d ) മുഖ്യമന്ത്രിയുടെ കക്കൂസ് 

2. നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന വിഷയത്തിൽ ക്ലാസെടുക്കാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി ആരാണ്?

a ) കെ.എം.മാണി 
b ) തിരുവഞ്ചൂർ രാധാകൃഷ്ണൻ 
c ) കെ. ബാബു 
d ) കുഞ്ഞാലിക്കുട്ടി 

3. സാധാരണക്കാർക്ക് വേണ്ടി സമൂഹത്തിൽ നിന്നും അടിയന്തിരമായി നിർമാർജനം ചെയ്യേണ്ടത് എന്ത്?

a ) ടീവീ സീരിയൽ 
b ) ഉമ്മൻ ചാണ്ടി മന്ത്രിസഭ 
c ) അശ്ലീല വെബ്സൈറ്റ് 
d ) രഞ്ജിനി ഹരിദാസ്‌ 

4. ചാനലിലെ പ്രതികരണത്തൊഴിലാളിക്ക് വേണ്ട അടിസ്ഥാന യോഗ്യത എന്ത്?

a ) വിവരമില്ലായ്മ 
b ) നാണമില്ലായ്മ
c ) തൊലിക്കട്ടി
d ) നാക്കിന്റെ നീളം

5. തകർന്ന കുടുംബങ്ങളെ കൂട്ടിയിണക്കുന്ന പ്രോഗ്രാം അവതരിപ്പിക്കുവാൻ ഏറ്റവും അർഹതയുള്ള വ്യക്തി ആരാണ്?

a ) ഷിബു ബേബി ജോണ്‍
b ) ഗണേഷ് കുമാർ
c ) ഉർവശി
d ) ദിലീപ്

6 . ഇലക്ഷൻ ജയിക്കാൻ താഴെ പറയുന്നവയിൽ ആരുടെ കാൽ ആണ് പിടിക്കേണ്ടത്?

a ) വെള്ളാപ്പള്ളി നടേശഗുരു
b ) സുകുമാരൻ നായർ
c ) പാണക്കാട് ശിഹാബ് തങ്ങൾ
d ) മാർ ബസേലിയോസ് ക്ലിമ്മീസ് ബാവ

7. താഴെ പറയുന്നവയിൽ ഏറ്റവും പ്രശസ്തമായ ജോഡി തെരഞ്ഞെടുക്കുക.

a ) അബ്ദുറബ്ബും പാഠപുസ്തകവും
b ) അബ്ദുറബ്ബും നിലവിളക്കും
c ) അബ്ദുറബ്ബും ഏ പ്ലസും
d ) അബ്ദുറബ്ബും ഓണവും 

8. താഴെ പറയുന്നവയിൽ ഏറ്റവും മികച്ച വധശിക്ഷാ രീതി ഏതാണ്?

a ) 51 പ്രാവശ്യം വെട്ടി കൊല്ലൽ
b ) ശൂലം കൊണ്ട് കുത്തി കൊല്ലൽ
c ) ചാക്കിൽ കെട്ടി കുളത്തിൽ താഴ്ത്തൽ
d ) ആഡംബര കാർ ഇടിച്ച് കൊല്ലൽ

9. താൻ ആരാണെന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ ആരോട് ചോദിക്കണം താൻ ആരാണെന്ന്?

a ) സരിതാ നായരോട്
b ) പീസീ ജോർജിനോട്
c ) ബിജു രമേശിനോട്
d ) ഋഷിരാജ് സിങ്ങിനോട് 

10. ചിത്രം നോക്കി ഉത്തരം പറയുക.

ജോസ് കെ മാണിയുടെ പരിപ്പ് വേവാത്തത് എന്ത് കൊണ്ട്?

a ) കലത്തിന് ഓട്ടയുള്ളത് കൊണ്ട്
b ) അടുപ്പിൽ തീ ഇല്ലാത്തത് കൊണ്ട്
c ) പരിപ്പിന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞത് കൊണ്ട്
d ) വേവിക്കാൻ അറിയാത്തത് കൊണ്ട്

ഇതാ മറ്റു ചില ഐറ്റംസ് :
                      സദാചാരസംഹിത 
                      ഹാപ്പി അവസാന ക്രിസ്മസ് 

Monday 27 July 2015

യാക്കൂബ് മേമൻ ഉയർത്തുന്ന ചോദ്യങ്ങൾ

യാക്കൂബ്‌ മേമനെ തൂക്കിലേറ്റരുത് എന്ന സീപ്പീയെമ്മിന്റെ പ്രസ്താവന സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സീപ്പീയെമ്മിന് പിന്നാലെ നിരവധി പ്രമുഖർ ഇപ്പോൾ ഇതേ ആവശ്യവുമായി രംഗത്ത് വന്നു കൊണ്ടിരിക്കുന്നു. മ്മടെ മസിലളിയൻ സൽമാൻ ഖാൻ മുതൽ മുൻ സുപ്രീം കോടതി ജഡ്ജി ശ്രീ. മാർക്കണ്ടേയ കട്ജു വരെ. അതും, വിധി നടപ്പാക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ.

റ്റ് പാർട്ടികൾക്ക് നിരവധി രക്തസാക്ഷികളെ സമ്മാനിക്കുകയും സ്വയം കുറേ രക്തസാക്ഷികളെ സമ്പാദിക്കുകയും ചെയ്ത സീപ്പിയെമ്മിന്റെ എതിർപ്പ് എനിക്ക് വളരെ കൗതുകകരമായിട്ടാണ് തോന്നിയത്. എന്നാൽ, സീപ്പിയെം എക്കാലവും വധശിക്ഷയെ എതിർത്ത് പോന്നിട്ടുണ്ടെന്നും അത് തുടരുക മാത്രമാണ് ഇവിടെയും ചെയ്തതെന്നും എന്റെ സുഹൃത്തും വഴികാട്ടിയും ഇടതുപക്ഷ ബുജിയും ആയ ബിനിലേട്ടൻ പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്. ഒരു പരിഷ്കൃത സമൂത്തിന് വധശിക്ഷ ചേർന്നതല്ലെന്നും, അത് പ്രാകൃതമായ ശിക്ഷാരീതിയാണെന്നും രാഷ്ട്രീയ കൊലപാതകങ്ങൾ മറ്റൊരു തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട സംഗതി ആണെന്നും ആണ് ബിനിലേട്ടന്റെ അഭിപ്രായം. ആയിക്കോട്ടെ. പാർട്ടിയായി അവരുടെ പാടായി.

സിലളിയനും കട്ജു അങ്കിളും ആവശ്യപ്പെടുന്നത് മറ്റൊരു ന്യായത്തിന്റെ പുറത്താണ്. പ്രധാന പ്രതികൾ പുറത്ത് കറങ്ങി നടക്കുമ്പോൾ, നിയമത്തെ അഭിമുഖീകരിക്കാൻ തയ്യാറായ യാക്കൂബ് മേമനെ വധിക്കരുത് എന്നാണ് ആവശ്യം. ടൈഗർ മേമനെ ആണ് വധിക്കേണ്ടതത്രേ! ന്യായങ്ങൾ പലതരമാണെങ്കിലും വധശിക്ഷക്കെതിരെ മണിശങ്കർ അയ്യർ, നസ്രുദീൻ ഷാ, തുഷാർ ഗാന്ധി എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള നിരവധി പ്രമുഖർ അണിനിരക്കുന്നു. വധശിക്ഷ പുനഃ പരിശോധിക്കണം എന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ ഈ അവസാന നിമിഷവും ഹർജികൾ ഫയൽ ചെയ്യപ്പെടുന്നു. അതായത്, വർഷങ്ങൾ നീണ്ട നടപടികളിലൂടെ ഇന്ത്യയുടെ പരമോന്നത കോടതി വിധിക്കുകയും രാഷ്ട്രപതി ശരി വെക്കുകയും ചെയ്ത ഒരു ശിക്ഷാ നടപടി വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടോ?

രുന്നൂറ്റി അമ്പതിൽ പരം ജനങ്ങൾ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ഒരു രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ വെല്ലു വിളിക്കുകയും ചെയ്ത ഭീകരാക്രമണത്തിലെ ഒരു പ്രതിക്ക്, അർഹിക്കുന്ന ശിക്ഷ എന്തെന്ന് തീരുമാനിക്കാൻ രണ്ടു പതിറ്റാണ്ടിനിപ്പുറവും നമുക്ക് കഴിയുന്നില്ലെങ്കിൽ നമ്മുടെ നീതിനിർവഹണ വ്യവസ്ഥയിൽ എവിടെയോ ഗുരുതരമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ. സർവസമ്മതമായ ഒരു വിധി സാധ്യമല്ല എന്നിരിക്കിലും, പതിറ്റാണ്ടുകൾ ഇഴഞ്ഞു നീളുന്ന നിയമനടപടികൾ അന്തിമവിധിന്യായത്തിന് മങ്ങലേൽപ്പിക്കുന്നു എന്നത് മറ്റൊരു കാര്യം.

രു നീതിനിർവഹണ സമ്പ്രദായത്തിൽ പരമാവധി ശിക്ഷ വധശിക്ഷ വേണോ എന്ന ചോദ്യം ഈ സാഹചര്യത്തിൽ പ്രസക്തമാകുന്നു.
ഇക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ നയം പരിശോധിക്കാം. വായ കൊണ്ട് കടുക് വറുക്കുന്നതിനേക്കാൾ നല്ലത് വസ്തുതകൾ നിരത്തുന്നതാണല്ലോ. അതുകൊണ്ട്, ചിത്രങ്ങൾ സംസാരിക്കട്ടെ (കട: വിക്കിപ്പീഡിയ).
ചുവപ്പ് നിറം: ഇപ്പോഴും വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങൾ.
പച്ച നിറം: ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം (ഉദാ: യുദ്ധസമയത്തെ കുറ്റങ്ങൾ) വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങൾ.
തവിട്ട് നിറം: വധശിക്ഷ നിരോധിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ പത്ത് വർഷമായി നടപ്പിലാക്കാത്ത രാജ്യങ്ങൾ. (നിരോധനത്തിന്റെ പാതയിൽ)
പീകോക്ക് നിറം: വധശിക്ഷ നിരോധിച്ച രാജ്യങ്ങൾ.

ചൈനയിലും ഇറാനിലും 2007 മുതൽ 2012 വരെ, ആയിരത്തിൽ ഏറെ പേരെ തൂക്കിലേറ്റിയിട്ടുണ്ട്‌. അമേരിക്കയിൽ 200ൽ അധികവും. 127 കോടി ജനങ്ങളുള്ള ഇന്ത്യയിൽ വധശിക്ഷാ വിധികൾക്ക് സംഭവിക്കുന്നതെന്താണ് എന്ന് നോക്കാം. ഇന്ത്യയിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ തൂക്കികൊന്നത് വെറും രണ്ട് പേരെയാണ്! അജ്മൽ കസബും അഫ്സൽ ഗുരുവും. ആയിരത്തിലേറെ വധശിക്ഷാ വിധികൾ തീർപ്പ്‌ കാത്ത് കിടക്കുന്നു. ആ വിധികൾ ഇനി എത്ര പതിറ്റാണ്ട് അതേ കിടപ്പ് കിടക്കേണ്ടി വരുമെന്ന് ദൈവത്തിനറിയാം!

രാളുടെ ജീവനെടുത്തത് കൊണ്ട് അയാൾ ചെയ്ത കുറ്റങ്ങളുടെ വ്യാപ്തി കുറയുകയോ, സംഭവിച്ച നഷ്ടങ്ങൾക്ക് പരിഹാരം ആകുകയോ ചെയ്യുന്നില്ല. അതേസമയം, അയാൾക്ക് ഒരു നല്ല മനുഷ്യൻ ആയിത്തീരാൻ ഉള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നു എന്നൊക്കെയാണ് വധശിക്ഷക്കെതിരെയുള്ള കാരണങ്ങളായി പറയുന്നത്. നിരപരാധികളായ സഹജീവികളെ കൊല്ലുകയും കൊല്ലാൻ കൂട്ട് നിൽക്കുകയും അവരുടെ കുടുംബങ്ങളെയും സമൂഹത്തേയും ദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നവരെ ജീവിക്കാൻ അനുവദിച്ചു കൂടാ എന്ന വാദം മറുവശത്ത്. കുറ്റവാളികൾക്ക് മാനസികപരിവർത്തനം വരുത്താൻ ഉതകുന്ന തരത്തിൽ രാജ്യത്തെ ജയിലുകളുടെ പ്രവർത്തനങ്ങൾ വികസിച്ചിട്ടുണ്ടോ എന്ന ചോദ്യവും പ്രധാനമാണ്. അനുകൂലിച്ചും എതിർത്തും ഉള്ള വാദങ്ങൾ കേട്ട് തഴമ്പിച്ചതാണെങ്കിലും നമ്മൾ തുടങ്ങിയ വിഷയം അവിടെ തന്നെ നിൽക്കുന്നു.

യാക്കൂബ് മേമന് കഴുമരം വേണോ?

സ്വന്തം രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ദാവൂദ് ഇബ്രാഹിം ഉൾപ്പടെയുള്ള അധോലോക ഭീകരരെ സഹായിക്കുകയും പാകിസ്താനിൽ ആയുധ പരിശീലനം നേടാൻ 15 യുവാക്കൾക്ക് സാമ്പത്തിക സഹായം നൽകുകയും സ്ഫോടന പരമ്പരയുടെ തലേന്ന് കുടുംബത്തോടെ ദുബായിലേക്ക് രക്ഷപ്പെടുകയും ചെയ്ത ഒരു പൗരന് എന്ത് ശിക്ഷയാണ് നൽകേണ്ടത്? ടൈഗർ മേമനും മറ്റുള്ളവരും യാക്കൂബിനെക്കാൾ കൊടും കുറ്റവാളികൾ ആണെന്നത് യാക്കൂബ് ചെയ്ത കുറ്റത്തിന്റെ കാഠിന്യം കുറക്കുകയില്ല. ജയിലിൽ ഇരുന്ന് ബിരുദങ്ങൾ സമ്പാദിച്ചതും മറ്റ് തടവുകാരെ പഠിക്കാൻ സഹായിച്ചതും ഇരുന്നൂറ്റി അമ്പതിൽപരം ഇന്ത്യക്കാരുടെ ജീവന് പകരം നിൽക്കുകയും ഇല്ല.

പിന്നെ, വിധിയിലെ കാലതാമസം. ഒരു സാദാ വില്ലേജ് ഓഫീസറുടെ കൈക്കൂലി കേസിൽ പോലും അന്തിമ വിധി വരാൻ വർഷങ്ങൾ എടുക്കുന്ന ഇന്ത്യയിൽ, ഇത്രയും സങ്കീർണമായ ഒരു പാതകത്തിന് രണ്ട് പതിറ്റാണ്ട് കൂടുതലാവുന്നതെങ്ങനെ? ടാഡാ കോടതി വിധിയുടെ മുകളിൽ മേമന് വേണ്ടി കൊടുത്ത അപ്പീലും റിവ്യൂ പെറ്റീഷനും റിട്ട് ഹർജിയും ദയാ ഹർജിയും ഒക്കെയാണ് വിധി ഇത്രയും നീട്ടിയത്. ഇതെല്ലാം വീണ്ടും വീണ്ടും പരിഗണിച്ചത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വലുപ്പമാണ് കാണിക്കുന്നത്. ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ പുതിയ ഹർജിയിൽ ആ വിഷയവും കോടതി പരിഗണിച്ചിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ശ്രീ.മേമൻ, താങ്കൾ അർഹിക്കുന്ന നീതി താങ്കൾക്ക് ലഭിച്ചിരിക്കും. കാരണം, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന മഹത്തായ ഉദ്ദേശം മുറുകെ പുണരുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ.

ന്ത്യയിലെ വധശിക്ഷയെ കുറിച്ചുള്ള വിശദമായ ലേഖനത്തിന് ഇവിടെ ക്ലിക്കുക. 
ലോകത്തെ മൊത്തം വധശിക്ഷാ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്കുക. 


Thursday 23 July 2015

മാഫ് കീജിയേ ഭായ് ജാൻ...

ഒരു കഥയെഴുതണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. സഹപാഠി കഴിഞ്ഞ ദിവസം പങ്കുവച്ച ജീവിതാനുഭവങ്ങൾ മനസ്സിലിട്ട് കൂട്ടിയും കിഴിച്ചും നോക്കി. കൊള്ളാം. ജനപ്രിയ വിഷയങ്ങളായ ദാരിദ്ര്യവും നൊമ്പരവും ഒക്കെയുണ്ട്. എഴുത്തുകാരൻ പേന കയ്യിലെടുത്തു. പശ്ചാത്തലമായി മുംബൈ നഗരം തെരഞ്ഞെടുത്തു. ഒരുവേള ചിന്താമഗ്നനായ ശേഷം അയാൾ എഴുതിത്തുടങ്ങി...

കറുത്തിരുണ്ട മുംബൈയുടെ ആകാശം മീറ്റിംഗ് റൂമിൽ ഇരിക്കുമ്പോൾ തന്നെ ഞാൻ കണ്ടിരുന്നു. മീറ്റിംഗ് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ സമയം വൈകുന്നേരം അഞ്ചര. അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ മഹാനഗരം നനഞ്ഞു കിടക്കുന്നു. ദുബായിലേക്ക് ഉള്ള മടക്ക ഫ്ലൈറ്റ് രാത്രി പതിനൊന്ന് മണിക്കാണ്. സമയം പോക്കാൻ എന്നത്തേയും പോലെ ഇന്ത്യയുടെ കവാടം - "ഗേറ്റ് വേ ഓഫ് ഇന്ത്യ"യാണ് ആദ്യം മനസ്സിലെത്തിയത്. ലാപ്ടോപ്പ്  റിസപ്ഷനിൽ ഏൽപ്പിച്ച്, കൊളാബയിൽ നിന്നും ഞാൻ വടക്കോട്ട് നടന്നു. ഗേറ്റ് വേയിലേക്കുള്ള പ്രശസ്തമായ നടപ്പാതയിൽ, അനുഭവങ്ങളുടെ തീക്കാറ്റുമായി ഒരാൾ കാത്തിരിക്കുന്ന കാര്യം അപ്പോൾ എനിക്ക് അറിയുമായിരുന്നില്ല...

മുംബൈയുടെ സാംസ്കാരിക വൈവിധ്യം എന്നെ ഓരോ വരവിലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ ഏത് ദേശക്കാരനോ മതക്കാരനോ സ്വഭാവക്കാരനോ ആവട്ടെ. മുംബൈ നിങ്ങളെ ഹൃദയം തുറന്ന് സ്വീകരിക്കുന്നു. നിങ്ങളറിയാതെ അത് നിങ്ങളുടെ ഹൃദയം കവരുന്നു. അങ്ങനെയല്ലാതെ നൂറു കണക്കിന് ചേരികൾക്കും അംബരചുംബികൾക്കും ഒരുപോലെ അവിടെ നിലനിൽക്കാനാവുന്നതെങ്ങനെ? വഴിവാണിഭക്കാരും തെരുവ് സർക്കസ്സുകാരും കമിതാക്കളും വേശ്യകളും വിദേശികളും ഭിക്ഷാടകരും എല്ലാം ചേർന്ന് നടപ്പാതയിൽ അന്നും പതിവ് പോലെ തിരക്കായിരുന്നു. മഴ മാറി തെളിച്ചം കൈവന്ന ആകാശത്ത് ഒരു മഴവില്ല്! നവിമുംബൈയുടെ മീതെ ഉയർത്തിയ മനോഹരമായ കമാനം പോലെ അത് തെളിമയോടെ നിൽക്കുന്നു. അതും നോക്കി നടക്കുന്നതിനിടയിലാണ് ഞാൻ അയാളുമായി കൂട്ടിയിടിച്ചത്. "സോറി" ഞാൻ പറഞ്ഞു. "ഇറ്റ്സ് ഓക്കേ" എന്ന് മറുപടി പറഞ്ഞ് നടക്കാൻ തുടങ്ങിയ അയാളെ ഞാൻ വിളിച്ചു "ഡാ, ഹരിനാരായണാ!" അത്ഭുതവും സംശയവും നിറഞ്ഞ കണ്ണുകളോടെ അവൻ തിരിഞ്ഞ് എന്നെ നോക്കി, നീണ്ട പതിനേഴ്‌ വർഷങ്ങൾക്ക് ശേഷം!

"തന്റെ ബുൾഗാനും റെയ്ബാനും കണ്ടപ്പോ, സത്യത്തിൽ എനിക്ക് ആളെ മനസ്സിലായില്ല. ഇവിടെ എന്താ പരിപാടി?" ഹരി ചോദിച്ചു.
"ജോലി ദുബായിലാ. ഇവിടെ വിവാന്റയിൽ ഒരു ബിസിനസ് മീറ്റിംഗ് ഉണ്ടായിരുന്നു." താജ്മഹൽ പാലസിൽ അറബിക്കടലിനെ അഭിമുഖീകരിക്കുന്ന ഒരു ജാലകത്തിനരികെ ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു. ചായ കുടിക്കാൻ എന്നെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിക്കുന്ന ആദ്യത്തെ കൂട്ടുകാരനാണ് ഹരിയെന്ന് ഞാൻ ഓർത്തു. കൂട്ടുകാർ നല്ല നിലയിൽ എത്തുന്നത് മനസ്സിന് എന്നും സന്തോഷമാണ്. പഴയ കാര്യങ്ങൾ വീണ്ടും മനസ്സിലെത്തി. "സ്കൂൾ ജീവിതത്തിലെ സന്തോഷങ്ങൾ നഷ്ടപ്പെടുത്തിയ ഒരു വിഡ്ഢിയാണ് നീയെന്ന് ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട്". ഹരിയോട് അത് പറയാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. കാരണം, കളിചിരികളിൽ പങ്കു ചേരാതെ പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരുന്നിരുന്ന ഒരു മുഷിപ്പനായിരുന്നു ഹരി.

എഴുത്ത് നിർത്തി അയാൾ ഒരുവട്ടം വായിച്ചു. മുഖവുരയും അവതരണവും ഒക്കെ ഓടിച്ചു നോക്കി സ്വയം സംതൃപ്തനായി. ഇനി കഥ അതിന്റെ ആത്മാവിലേക്ക് കടക്കുകയാണ്. തന്റെ ലോകവിജ്ഞാനവും രചനാപാടവവും വിളമ്പാനുള്ള സമയമായി. അയാൾ വീണ്ടും പേന കയ്യിലെടുത്തു.

"അടൂരിന്റെയോ മൊഹ്സെൻ മക്മൽബഫിന്റെയോ നായകനാണ് ഞാൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്". അവൻ മറുപടി പറഞ്ഞു. ഒന്നും മനസ്സിലായില്ലെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാനറിഞ്ഞിരുന്ന ഏറ്റവും വലിയ ജാതിഭ്രാന്തനായിരുന്നു അവൻ. ഹരിനാരായണൻ നമ്പൂതിരി. മറ്റെല്ലാവരും ചോറ്റുപാത്രങ്ങളിൽ കയ്യിട്ടുവാരി പങ്കു വെക്കലിന്റെ സന്തോഷം അനുഭവിക്കുമ്പോൾ പാത്രം അടച്ചു പിടിച്ച് ഒറ്റക്ക് ഭക്ഷണം കഴിച്ചിരുന്ന വങ്കൻ. ഇല്ലത്തേക്ക് ഒരു തവണ പോലും ഞങ്ങളെ ക്ഷണിക്കുകയോ ഉണ്ണിയപ്പവും പായസവും തരികയോ ചെയ്യാത്ത പിശുക്കൻ. "നീയെന്നു തൊട്ടാ മറ്റുള്ളവരുടെ ഒപ്പമിരുന്ന് ആഹാരം കഴിക്കാൻ തുടങ്ങിയത്?" അവന്റെ അയിത്തബോധത്തെ മുറിവേൽപ്പിക്കാൻ ഞാൻ ചോദിച്ചു? "ഇങ്ങോട്ട് വണ്ടി കയറിയത് മുതൽ". ഞാൻ അവന്റെ നിർവികാരമായ കണ്ണുകളിലേക്ക് നോക്കി. "ഹരീ, സ്കൂളിൽ പഠിക്കുമ്പോ എനിക്ക് ഒട്ടും പിടിതരാത്ത കഥാപാത്രമായിരുന്നു നീ. ദാ, ഇപ്പോഴും എനിക്ക് നീ പറയുന്നത് ഒന്നും മനസിലാകുന്നില്ല. നീയെന്താ ഇങ്ങനെ? എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ..." ഞാൻ അർദ്ധോക്തിയിൽ നിർത്തി.  അവൻ പറഞ്ഞു തുടങ്ങുമ്പോൾ നഗരം സന്ധ്യയെ വരവേൽക്കുകയായിരുന്നു.

"നമുക്ക് പറയാനുള്ളത് കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്നത് ഒരു അനുഗ്രഹമാണെടോ... ഞാൻ ഔപചാരികത കാണിക്കുന്നതല്ല കേട്ടോ" ഒരു കവിൾ ചായ കുടിച്ച ശേഷം അവൻ തുടർന്നു. "ഒരു മുരടൻ എന്നതിലുപരി എന്നെ ആർക്കും അറിയുമായിരുന്നില്ല. അതാണ്‌ എനിക്കും വേണ്ടിയിരുന്നത്." അറബിക്കടലിനു മീതെ ചക്രവാളം ചുവപ്പണിഞ്ഞു. ഗേറ്റ് വേയിലെ തിരക്ക് കൂടി വരുന്നത് ഞാൻ താജിലിരുന്ന് കണ്ടു. "നമ്പൂതിരി എന്ന വാൽ എനിക്കൊരു കവചമായിരുന്നു. ഒരു സ്കൂൾ കുട്ടിയുടെ അഭിമാനബോധത്തെ സംരക്ഷിക്കാൻ ഞാൻ കണ്ടെത്തിയ മികച്ച കവചം". പ്രധാനപ്പെട്ടതെന്തോ പറയാനുള്ള ഹരിയുടെ മുഖഭാവം കണ്ട് ഞാൻ ശ്രദ്ധാലുവായി.

"തന്റെ സെന്റിമെന്റ്സ് മോഹിച്ചല്ല ഞാൻ ഇത് പറയുന്നത്" അവൻ തുടർന്നു. "സ്കൂളിൽ സ്ഥിരമായി എന്റെ ഉച്ചഭക്ഷണം ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന ഉപ്പില്ലാത്ത വെള്ളനിവേദ്യമായിരുന്നു എന്ന കാര്യം, എന്റെ ജാതി ഭ്രാന്തിനെ പുച്ഛിച്ച എത്ര പേർക്ക് അറിയാമായിരുന്നു? കുഴഞ്ഞിരിക്കുന്ന നിവേദ്യ ചോറിൽ ഉപ്പും മഞ്ഞളും ചേർത്ത് മക്കളെ സ്കൂളിൽ അയക്കുന്ന അമ്മമാരെയും താൻ കണ്ടിരിക്കാൻ ഇടയില്ല. ഉവ്വോ?" ഞാൻ നിശബ്ദനായി ഇല്ലെന്ന് തലയാട്ടി. "അച്ഛന് വയ്യാത്ത ദിവസങ്ങളിൽ ഞാൻ തന്നെ പൂജ കഴിച്ച് നടയടച്ച് വൈകിയെത്തി തല്ലു കൊണ്ടിരുന്നത് മാത്രം നല്ല ഓർമ കാണും അല്ലേ? വിശക്കുന്നവന് ഭക്ഷണത്തേക്കാൾ വലുതല്ലടോ തല്ല്"

മസാല ചായ ഒന്ന് മൊത്തിയ ശേഷം അവൻ തുടർന്നു. "ഭഗവാനെ മാത്രം സേവിച്ച് ഉപജീവനം കഴിച്ചിരുന്ന അച്ഛന്റെ വരുമാനം അമ്മയെ ചികിത്സിക്കാൻ പോലും തികയുമായിരുന്നില്ല. ഓ, പറയാൻ മറന്നു. എന്റെ അമ്മ ഒരു മാനസിക രോഗിയായിരുന്നു. നാട്ടുഭാഷയിൽ പറഞ്ഞാൽ... ഭ്രാന്ത്". അവൻ കൃത്രിമമായി ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. അവന്റെ വാക്കുകൾ എന്റെ വികലമായ അറിവുകൾക്ക് മേൽ പൊള്ളലായി പടരുകയായിരുന്നു.

"അവാർഡ് പടം പോലെ തോന്നണുണ്ടോ കേഡിക്ക്?" അവൻ ആദ്യമായി എന്നെ പേര് വിളിച്ചു. "ഓപ്പോൾടെ വേളിക്ക് പണയം വെച്ച, പൊളിഞ്ഞു വീഴാറായ ഇല്ലത്തേക്കാ താനൊക്കെ വിരുന്ന് വരാൻ മോഹിച്ചത്. പേരിൽ മാത്രം വലിപ്പമുള്ള ഒരു ദരിദ്രവാസിയാണെടോ ഞാൻ."

"ഇപ്പൊ പ്രശ്നങ്ങൾ ഒക്കെ മാറി നീ ഒരു നല്ല നിലയിൽ എത്തിയല്ലോ!" ഞാൻ രംഗം പോസിറ്റീവ് ആക്കാൻ ശ്രമിച്ചു. "ഇല്ലം ജപ്തിയാവുന്നതിന് മുമ്പ് അച്ഛനും അമ്മയും പോയി. സ്ഥിരമായി പൂജിച്ച ദൈവങ്ങൾ അച്ഛനോട് നന്ദി കാട്ടിയതാവാം". ആദ്യമായി അവന്റെ തൊണ്ടയിടറി, ശബ്ദം ചിലമ്പിച്ചു. "നമ്പൂതിരിയെ കൊണ്ട് കൂലിപ്പണി ചെയ്യിക്കാൻ നാട്ടുകാർക്ക് മടി. അളിയന്റെ വീട്ടുകാരുടെ മുഖം കറുത്തപ്പോ ഓപ്പോളോട്‌ പറഞ്ഞ് ഒരു ദിവസം വണ്ടി കയറിയതാ ഇങ്ങോട്ട്. ഇത് പതിമൂന്നാമത്തെ വർഷം. വല്ലപ്പോഴും നാട്ടിൽ പോയി ഓപ്പോളെ ഒന്ന് കണ്ട് മടങ്ങും. അത്ര തന്നെ".

പറയാൻ ഉള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു. കഥ അവസാനിപ്പിക്കണം. അതിന് മുമ്പ് ഹരിക്ക് ഒരു തൊഴിൽ കണ്ടെത്തണം. ഹരിയെ തനിക്ക് വേണമെങ്കിൽ ഒരു ബിസിനസ്സുകാരൻ ആക്കാം. അല്ലെങ്കിൽ ഒരു അധോലോക നേതാവ്. ഹരിയുടെ ജീവിതം നിശ്ചയിക്കുന്നത് തന്റെ തൂലികയാണെന്ന് ഓർത്തപ്പോൾ അയാൾക്ക് അഭിമാനം തോന്നി. അയാൾ അവസാന ഖണ്ഡികയിലേക്ക് കടന്നു...

സമയം എഴ് കഴിഞ്ഞിരിക്കുന്നു. ഹോട്ടലിൽ പോയി സാധനങ്ങൾ എടുത്ത് എയർ പോർട്ടിൽ എത്തണം. ഞങ്ങൾ താജിൽ നിന്നും ഇറങ്ങി. മഹാനഗരം ഞങ്ങൾക്ക് ചുറ്റും ഇരമ്പിക്കൊണ്ടേയിരുന്നു. "ഇവിടെ എന്താ പരിപാടി?" അവൻ ആദ്യമായി എന്നോട് ചോദിച്ച ചോദ്യം അവസാനമായി ഞാൻ അവനോട് ചോദിച്ചു. "ഒമ്പതാം ക്ലാസിൽ ബഷീറിന്റെ 'ഒരു മനുഷ്യൻ' വായിച്ചതോർമയുണ്ടോ?" പോക്കറ്റിൽ നിന്നും എന്റെ പേഴ്സ് എടുത്ത് എനിക്ക് നേരെ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു. "ഇതാണ് ഇപ്പോഴത്തെ ഹരിനാരായണൻ നമ്പൂതിരി. മാഫ് കീജിയേ ഭായ് ജാൻ...".

പൂർത്തിയാക്കിയതിന്റെ സംതൃപ്തിയോടെ എഴുത്തുകാരൻ കഥ ഒരാവർത്തി വായിച്ചു. തരക്കേടില്ല. എങ്കിലും എന്തോ ഒരു കുറവുള്ളത് പോലെ തോന്നി. പിന്നെയും രണ്ട് മൂന്ന് തവണ വായിച്ചപ്പോഴാണ് അയാൾക്ക് തിരിച്ചറിവ് കൈ വന്നത്.

അപ്രതീക്ഷിതമായ കൂട്ടിമുട്ടലിലൂടെയുള്ള കണ്ടുമുട്ടൽ - ക്ലീഷേ.
ചായക്ക് ചുറ്റുമിരുന്നുള്ള സ്മരണ പുതുക്കൽ  - അത് താജ് ആയാലും തട്ടുകട ആയാലും ക്ലീഷേ.
ദാരിദ്ര്യം, രോഗം, ജപ്തി, നാട് വിടൽ - വായിച്ചു മടുത്ത പക്കാ ക്ലീഷേ.

തന്നെ വായിക്കാനെത്തുന്നവർക്ക് താൻ എന്താണ് പകരം നൽകുന്നതെന്ന് അയാൾ ഒരുവേള ചിന്തിച്ചു. എന്നിട്ട്, എവിടുന്നോ കൈവന്ന ഒരു തിരിച്ചറിവിൽ കഥ ചുരുട്ടി മുറിയുടെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു... അവിടെ കിടന്നുറങ്ങിയിരുന്ന അയാളുടെ പൂച്ച ഞെട്ടിയുണർന്ന് മ്യാവൂ എന്ന് കരഞ്ഞു. എന്നിട്ട് വീണ്ടും തല താഴ്ത്തി മയങ്ങാൻ തുടങ്ങി...

Wednesday 1 July 2015

എന്റെ പ്രണയം എന്ത് പിഴച്ചു???

 ബൂലോഗത്തെ കവിതകൾ വായിച്ചാൽ കവികൾക്ക് എഴുതാൻ ഈ ലോകത്ത് രണ്ടേ രണ്ട് വിഷയങ്ങളേ ഉള്ളൂ എന്ന് തോന്നും. ഒന്നുകിൽ ഒടുക്കത്തെ നൊസ്റ്റാൾജിയ. അല്ലെങ്കിൽ പ്രണയം. നൊസ്റ്റാൾജിയക്ക് ഞാനും ഒരു തവണ പിന്തുണ പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് ഇപ്രാവശ്യം പ്രണയത്തിന്റെ പരിപ്പെടുക്കാം എന്ന് തീരുമാനിച്ചു.

ദുഃഖത്തിന്റെ മൂടുപടം അണിയിച്ച് ഓരോരുത്തർ പടച്ചു വിടുന്ന ഇമ്മാതിരി ഐറ്റങ്ങൾക്ക് എത്രയാ കമന്റ്?! കവിത ഒരു വരി പോലും മനസ്സിലായില്ലെങ്കിലും ടിപ്പിക്കൽ കമന്റുകളായ ആശംസകൾ, അഭിനന്ദനങ്ങൾ, ഭാവുകങ്ങൾ, അതിമനോഹരം, ലളിതം, നന്നായിരിക്കുന്നു, ഇഷ്ടായി തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നെടുത്ത് കാച്ചിയാൽ ബ്ലോഗറും ഹാപ്പി, ബ്ലോഗറെ പറ്റിച്ചതോർത്ത് നമ്മളും ഹാപ്പി!

പക്ഷേ, എന്റെ ഈ കവിത ഉത്തര/ ദക്ഷിണ ആധുനിക ടൈപ്പ് ഒന്നും അല്ല കേട്ടോ. ഉദാത്തമായ ക്ലീഷേകൾ കോറിയിടാനും അശേഷം താല്പര്യമില്ല. അനുവാചകന്റെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലാൻ ബിംബങ്ങൾ ആവശ്യമില്ലെന്നും, പകരം വല്ല തേനോ അമൃതാഞ്ചനോ കുറിഞ്ഞിപ്പൂച്ചയോ മതിയെന്നും എനിക്ക് തിരിച്ചറിവ് കൈവന്നിരിക്കുന്നു. ഇതാ അതിനുള്ള തെളിവ്.

സമർപ്പണം
ഉത്തരാധുനിക കവിതകൾ വായിച്ച് അന്തം വിട്ടിരിക്കുന്ന പാവങ്ങൾക്ക്...
പൊള്ളലേറ്റ് മൃതിയടഞ്ഞ മൂവാണ്ടൻ മാവിന്...
പിന്നെ, നിന്നെ കെട്ടാൻ പോകുന്ന ചെക്കനും!

എന്റെ പ്രണയം എന്ത് പിഴച്ചു???


ഇന്നലെയൊരു കത്ത് കിട്ടി,
എന്നെ ചാറ്റിംഗ് പഠിപ്പിച്ചവളുടെ കത്ത്.
കടം വാങ്ങാൻ പഠിപ്പിച്ചവളുടെ ക്ഷണക്കത്ത്.
ഉറക്കമൊഴിക്കാൻ പഠിപ്പിച്ചവളുടെ വിവാഹ ക്ഷണക്കത്ത്!

ഇന്ന് രാവിലെ ഉണർന്നു നോക്കുമ്പോൾ
കരിഞ്ഞുണങ്ങി നിൽക്കുന്നു...
കന്നി കായ്ച്ച മൂവാണ്ടൻ മാവ്!

പഴിചാരുന്നുണ്ട്...
അച്ഛൻ ആഗോളതാപനത്തെയും
അമ്മ അയൽക്കാരെയും.

വക്ക് പൊട്ടിയ പാത്രവും തേടി
അനിയത്തി നടക്കുന്നു...
തേരാപാരാ.
കുറിഞ്ഞി പൂച്ചക്ക്
പാലൊഴിച്ച് കൊടുക്കുന്നത്
അതിലാണത്രേ!

മാതൃഭൂമിയും പിടിച്ച്
ഞാൻ മാത്രം
നാണമില്ലാത്ത മാണിയേയും
മാനമില്ലാത്ത ചാണ്ടിയേയും
ചായയോടൊപ്പം നുണഞ്ഞു.
ഭയങ്കര കയ്പ്!

സത്യത്തിൽ എന്താ സംഭവിച്ചത്?
ആരോടും പറയില്ലെങ്കിൽ പറയാം.

നഷ്ട പ്രണയത്തിന്റെ ഭാരവും ചുമന്ന്
എത്രയാണ് ഞാനലഞ്ഞത്?
നിങ്ങൾക്കറിയില്ല.
ആത്മാവിന്റെ വേദന
അമൃതാഞ്ജൻ പുരട്ടിയാൽ മാറുമോ?



ഏകാന്തതയുടെ മരുഭൂവിലൂടെ
നിരാശയുടെ തീക്കാറ്റുമേറ്റ്
നിദ്രാവിഹീനമായ രാവിൽ,
എത്രയാണ് ഞാൻ പുളഞ്ഞത്?
അഗ്മാർക്ക് മുദ്രയുള്ള ചെറുതേൻ
അന്തരാളത്തിന്റെ പൊള്ളൽ മാറ്റുമോ?

ഇല്ല തന്നെ.

അതുകൊണ്ടാണ്
അതുകൊണ്ട് മാത്രമാണ്
ഞാനാ കടുംകൈ ചെയ്തത്!

ഇന്നലെ രാത്രി,
ഏഷ്യാനെറ്റിൽ ചന്ദനമഴ തോർന്നതിനു ശേഷം
നഷ്ടസ്വപ്നങ്ങളുടെ നെടുവീർപ്പുകൾ ഉതിരുന്ന
മോഹങ്ങളുടെ കാലിച്ചാക്കിൽ
അർത്ഥഭേദം വന്ന പ്രണയലേഖനങ്ങളും,
വക്ക് പൊട്ടിയ സമ്മാനങ്ങളും നിറച്ച്
മുറ്റത്തെ മൂവാണ്ടൻ മാവിന് വളമാക്കിയത്
ഞാനാണ്!!!

രാവിലെ ഉണർന്നു നോക്കുമ്പോൾ
കരിഞ്ഞുണങ്ങി നിൽക്കുന്നു.
നഷ്ടപ്രണയത്തിന്റെ പങ്കേറ്റു വാങ്ങിയ
മൂവാണ്ടൻ മാവ്
പൊള്ളലേറ്റ് മൃതിയടഞ്ഞ മാവേ, മാപ്പ്.

പാബ്ലോ നെരൂദയെ കടം കൊള്ളട്ടെ...
സമൂഹം,
മാഗി നൂഡിൽസിനോട് ചെയ്തതെന്തോ
അതാണ്‌,
നീയെന്നോടും ചെയ്തത്.

എന്റെ മനപ്പായസത്തിൽ മണ്ണ് വാരിയിട്ട്, 
നിന്റെ കല്യാണപ്പായസം
കുടിക്കാൻ ക്ഷണിച്ച വഞ്ചകീ,
നീ നന്നായി വരും.

**********************

അറിയിപ്പ്: 
കലാപ പരിപാടികൾ അവസാനിച്ചിരിക്കുന്നു.

എനിക്ക് സമ്മാനിക്കാൻ പൂമാല, പൊന്നാട, റീത്ത്, ചൂരൽ, ചങ്ങല, ഇലക്ട്രിക്‌ കസേര തുടങ്ങിയവ കൊണ്ടുവന്നിട്ടുള്ളവർ താഴെയുള്ള കമന്റ് പെട്ടിയിൽ നിക്ഷേപിക്കാൻ അപേക്ഷ. രാത്രി, പവർകട്ടിന്റെ നേരത്ത് ഞാൻ വന്ന് പെറുക്കിയെടുക്കുന്നതായിരിക്കും.

ഫോർ ദ ടൈം ബീയിംഗ്, ലവ് ഓഫ് എ സാഡ് വല്ലരി ക്ലൈംബിംഗ് ഓണ്‍ ദി ഹണി മാംഗോ ട്രീ ഫോർ ഗ്രേറ്റ്‌ ക്രിയേഷൻ ആൻഡ്‌ ഡൊണേഷൻ ഓഫ് സാറ്റിസ്ഫാക്ഷൻ ഓഫ് ഗുഡ് ബൈ. ദ എൻഡ്.

മനസ്സിലാകാത്തവർക്ക്:
പ്രണയമാകുന്ന തേൻമാവിലേക്ക് ഒരു ശോകവല്ലരിയായി പടർന്നു കയറാൻ, ഉദാത്തമായ ഒരു സൃഷ്ടി സംഭാവന ചെയ്തു എന്ന ചാരിതാർത്ഥ്യത്തോടെ തൽക്കാലം ഞാൻ വിട കൊള്ളട്ടെ... ശുഭം!

Related Posts :
                         തൊഗാഡിയ അങ്ങുന്നിന് ഒരു കത്ത്.

                         എന്റെ കോളേജിന്റെ കഥ - നൊസ്റ്റാൽജിയ 

Saturday 13 June 2015

ജുറാസ്സിക് വേൾഡ് 3D

 സാധാരണക്കാർ, സിനിമ കണ്ടാൽ മാത്രം മതിയെന്നും റിവ്യൂ എഴുതുന്ന കാര്യം, തലയിൽ കിഡ്നിയുള്ള പുലികൾ നോക്കിക്കോളും എന്നും സുഹാസിനി ആന്റി പറഞ്ഞിട്ട് അധിക നാളായില്ല. എന്ന് വച്ച് നമ്മൾക്ക് വെറുതെ ഇരിക്കാൻ പറ്റുമോ? തലയിൽ വല്ല കുന്തവും ഉണ്ടായിട്ടാണോ നമ്മൾ കഥ, കവിത, ലേഖനം തുടങ്ങിയ ലേബലുകൾ ഒട്ടിച്ച് ഓരോ ഐറ്റംസ് പടച്ചു വിടുന്നത്?! ഒരു വിശ്വാസത്തിന്റെ പുറത്ത് അടിച്ചു വിടുന്നു. വഴി തെറ്റിയെത്തുന്ന ചില പാവങ്ങൾ അതൊക്കെ വായിച്ച് കണ്ണും തള്ളി ഡെസ്പടിച്ച് സ്കൂട്ടാവുന്നു. അത്ര തന്നെ. അപ്പൊപ്പിന്നെ റിവ്യൂവിനെ മാത്രം ഒഴിവാക്കിയാൽ അതിന് സങ്കടമാവില്ലേ? സുഹാസിനി ആന്റി എന്തൊക്കെ പറഞ്ഞാലും റിവ്യൂവിനെ സങ്കടപ്പെടുത്താൻ എനിക്കാവില്ല. ഈ കൊച്ചു ഗോവിന്ദന്റേത് ഒരു കൊച്ചു മനസ്സാണ് അമ്മായീ, കൊച്ചു മനസ്സാണ്. കഥയും കവിതയും അനുഭവങ്ങളും  നിരൂപണങ്ങളും ഒക്കെ നിറഞ്ഞ ഒരു സമത്വസുന്ദരമായ ഒരു ബ്ലോഗ്‌ ആണ് ഈ കേഡിയുടെ സ്വപ്നം. അതുകൊണ്ട് ഇത്തവണ ഞാൻ അവതരിപ്പിക്കുന്ന ഐറ്റത്തിന്റെ പേരാണ്... കേഡീസ് റിവ്യൂ ഓഫ് ജുറാസ്സിക് വേൾഡ് 3D!!! (പ്രത്യേക ഓഫർ : കഥ മുഴുവൻ പറഞ്ഞ് രസം കളയുന്നതല്ല. അത് കൊണ്ട് ധൈര്യമായി വായിക്കാം!)

 22 വർഷങ്ങൾക്ക് മുമ്പ് സ്റ്റീവൻ സ്പീൽബെർഗ് ലോകത്തിന് സമാനിച്ച ഒരു ദൃശ്യവിസ്മയമായിരുന്നു ജുറാസിക് പാർക്ക് എന്ന സയൻസ് ഫിക്ഷൻ സിനിമ. അന്ന് സുരക്ഷാ കവചം ഭേദിച്ച് 'ടൈറാനോസോറസ് റെക്സ്‌' എന്ന ഭീമാകാരനായ ദിനോസർ ജുറാസിക് പാർക്ക്‌ എന്ന തീം പാർക്കിൽ നടത്തിയ വിളയാട്ടം ഇന്നും നമ്മളാരും മറന്നിട്ടില്ല. അതിനെ പിന്തുടർന്ന് പിന്നീട് രണ്ട് സിനിമകൾ കൂടി പുറത്തിറങ്ങി. ജുറാസിക്‌ പാർക്ക്‌ സീരീസിലെ നാലാമത്തെ സിനിമയാണ്, യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ബാനറിൽ കോളിൻ ട്രെവറോ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം ലോകമാകെ റിലീസ് ചെയ്ത ജുറാസിക് വേൾഡ്. ഒറ്റ വരിയിൽ പറഞ്ഞാൽ മനുഷ്യന്റെ നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെടുന്ന ഒരു ഭയങ്കര ദിനോസറും അതിനെ വരുതിയിൽ ആക്കാൻ ഉള്ള ശ്രമങ്ങളും ആണ് ഈ സിനിമ. അതിൽ പതിവ് പോലെ കുറച്ച് പ്രണയവും സെന്റിമെൻസും പണക്കൊതിയും സസ്പെന്സും ഒക്കെ ചേർത്തിരിക്കുന്നു. പക്ഷേ, അത് 3D യിൽ, കയ്യൊതുക്കത്തോടെ ചെയ്തിരിക്കുന്നു എന്നത് കൊണ്ടാണ് ഈ സിനിമ മികച്ച താവുന്നത്.

സീരീസിലെ നാലാമത്തെ സിനിമയാണെങ്കിലും ആദ്യസിനിമയുടെ തുടർച്ചയായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. അന്ന് അടച്ചു പൂട്ടിയ 'ഐല നുബ്ലാർ' എന്ന ദ്വീപ്‌ സ്വപ്നസദൃശമായ രീതിയിൽ നവീകരിച്ച് സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. പാർക്കിന്റെ ഓപറേഷൻസ് മാനേജർ ആയ ക്ലെയറിനെ (ബ്രിസ് ഹോവാർഡ്) കാണാനും പാർക്കിലെ കാഴ്ചകൾ ആസ്വദിക്കാനുമായി ക്ലെയറിന്റെ അനന്തരവന്മാരായ സാക് മിച്ചലും ഗ്രേ മിച്ചലും യാത്ര തിരിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. ദ്വീപിലേക്കുള്ള യാത്രയും അവിടുത്തെ ആകർഷണങ്ങളും ഒക്കെ നമുക്ക് മുന്നിൽ ത്രിമാന ദൃശ്യങ്ങളായി  ഇതൾ വിരിയുന്നതും ഇവരിലൂടെ തന്നെയാണ്. അന്നേ ദിവസം ഔദ്യോഗിക കാര്യങ്ങളാൽ തിരക്കിലായിപ്പോയ ക്ലെയർ, കുട്ടികളുടെ മേല്നോട്ടം സഹപ്രവർത്തകയായ സാറയെ ഏൽപ്പിക്കുന്നു. കുഞ്ഞു ദിനോസറകളുടെ പുറത്ത് സവാരി ചെയ്യുന്ന കുട്ടികളും വെള്ളത്തിൽ താമസിക്കുന്ന മോസസോറസ് എന്ന വമ്പൻ ദിനോസറിന്റെ ഇരപിടിത്തവും പാർക്കിലൂടെ മെട്രോ റെയിലിലുള്ള യാത്രയും ഗൈറോസ്ഫിയർ എന്ന ഗോളാകൃതിയിലുള്ള വാഹനവും ഒക്കെ പുതിയ കാഴ്ചകളാണ് നമുക്ക് സമ്മാനിക്കുന്നത്. അതുപോലെ കഥാനായകനായ ഓവെൻ ഗ്രാഡി (ക്രിസ് പ്രാറ്റ്), വെലോസിറാപ്റ്റർ എന്ന ചെറിയ ദിനോസറുകളെ പരിശീലിപ്പിക്കുന്നതും അബദ്ധത്തിൽ അവയുടെ കൂട്ടിലേക്ക് വീണ ഒരു ജോലിക്കാരനെ രക്ഷപ്പെടുത്തുന്നതും തുടക്കത്തിലെ രസകരമായ കാഴ്ചകളാണ്. കുട്ടികളോടൊപ്പം നിൽക്കാത്തതിൽ നായികക്ക് കുറ്റബോധം തോന്നുന്ന രംഗവും ഉണ്ട്.


ഇതിനിടെ, കോർപ്പറേറ്റുകളുടെ താത്പര്യത്തിന് വഴങ്ങി, ജനിതക മാറ്റം വരുത്തിയ, ബുദ്ധിയും കരുത്തുമേറിയ 'ഇൻഡോമിനസ് റെക്സ്‌' എന്ന ദിനോസർ അണിയറയിൽ ഉള്ള കാര്യം ക്ലെയർ സംസാരത്തിനിടെ വെളിപ്പെടുത്തുമ്പോൾ ആണ് പ്രധാന കഥാപാത്രത്തിന്റെ സൂചന ആദ്യമായി നമ്മൾക്ക് കിട്ടുന്നത്. പിന്നീട് ജുറാസിക് വേൾഡിന്റെ CEO ആയ സൈമണ്‍ മസ്രണിയുടെ (ഇർഫാൻ ഖാൻ) കൂടെ ക്ലെയർ, ഇന്ഡോമിനസ് റെക്സിന്റെ വാസസ്ഥലം സന്ദർശിക്കുകയും സൈമണ്‍ന്റെ  ആവശ്യപ്രകാരം ആ നിർമിതിയുടെ ബലം ഉറപ്പ് വരുത്താൻ ഓവെൻ ഗ്രാഡിയെ വിളിച്ചു വരുത്തുകയും ചെയ്യുന്നു. (ഓവന്റെ നഷ്ട പ്രണയിനി കൂടിയാണ് ക്ലയർ!). ശരീരതാപനില തിരിച്ചറിഞ്ഞ് ഉറവിടം വ്യക്തമാക്കുന്ന സംവിധാനത്തിലൂടെ ദിനോസറിനെ തിരയുന്ന ജീവനക്കാർ ആ കൃത്രിമ വനത്തിനുള്ളിൽ ദിനോസർ ഇല്ലെന്ന് മനസ്സിലാക്കുന്നു. ഇവിടെ നിന്നാണ് നമ്മൾ കാത്തിരുന്ന കഥ തുടങ്ങുന്നത്!

ആ കൂറ്റൻ ചുറ്റുമതിലിൽ മുകളറ്റം വരെ വലിയ നഖക്ഷതങ്ങൾ കാണുന്നതോടെ ദിനോസർ രക്ഷപ്പെട്ടതായി ക്ലയറും ഓവനും ഊഹിക്കുന്നു. ഈ വിവരം പറയാൻ ക്ലയർ ജുറാസിക് വേൾഡിന്റെ കണ്ട്രോൾ സെന്ററിലേക്ക് ഫോണ്‍ വിളിക്കുന്ന സമയത്ത് രണ്ട് ജീവനക്കാരും ഓവനും കൂടി മതിലിലെ പാടുകൾ നിരീക്ഷിക്കാൻ സെക്യൂരിറ്റി ഗേറ്റ് തുറന്ന് അകത്തേക്ക് കയറുന്നു. എന്നാൽ ദിനോസറിന്റെ ശരീരത്തിൽ ഘടിപ്പിച്ച ഇലക്ട്രോണിക് ചിപ്പിന്റെ സ്ഥാനം വച്ച്, ദിനോസർ അവിടെത്തന്നെയുണ്ടെന്ന വിവരമാണ് നായികക്ക് മറുപടിയായി കിട്ടിയത്. അതായത് നായകനും ദിനോസറും ഒരേ സമയം ഒരു കൂട്ടിൽ! അപ്പോൾ ആ കാട് മൊത്തം ഉലച്ചു കൊണ്ട് ദിനോസർ രംഗപ്രവേശം ചെയ്യുന്ന ദൃശ്യം ശരിക്കും ത്രസിപ്പിക്കും കേട്ടോ. ഓവനും മറ്റുള്ളവരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും സെക്യൂരിറ്റി ഗേറ്റ് അടയുന്നതിന് മുമ്പ് അത് തകർത്തെറിഞ്ഞു കൊണ്ട് ഇൻഡോമിനസ് റെക്സ്‌ പുറത്തെത്തുകയും ചെയ്യുന്നതോടെ മനുഷ്യനും മൃഗവും തമ്മിലുള്ള അതിജീവനത്തിന്റെ പുതിയ യുദ്ധം തുടങ്ങുകയായി...


ഒരു ദ്വീപ്‌, ഇരുപതിനായിരത്തിൽ ഏറെ സഞ്ചാരികൾ, നൂറു കണക്കിന് കോടി ഡോളറിന്റെ നിക്ഷേപം, നിരവധി കോർപ്പറേറ്റ് താൽപ്പര്യങ്ങൾ, തന്നിഷ്ടക്കാരനായ സേഫ്ടി ഓഫീസർ, അപകടകാരികളായ മറ്റ് ദിനോസർ വർഗങ്ങൾ, കാട്ടിലകപ്പെട്ട രണ്ട് കുട്ടികൾ, അവരെ തേടി കാട്ടിലേക്ക് തിരിക്കുന്ന നായികാനായകന്മാർ, പരിശീലിപ്പിച്ചെങ്കിലും ഇണങ്ങാത്ത നാല് വെലോസിറാപ്ടറുകൾ, രക്തദാഹിയായ ഒരു കൂറ്റൻ ദിനോസർ... പിന്നീടങ്ങോട്ട് ശ്വാസം പിടിച്ചു മാത്രം കാണാൻ കഴിയുന്ന ദൃശ്യങ്ങളാണ് സിനിമയിൽ ഉള്ളത്. അതിനിടെ നൊസ്റ്റാൽജിയ ഉണർത്തി പഴയ ജുറാസിക് പാർക്കിലെ കെട്ടിടങ്ങളും അവശിഷ്ടങ്ങളും കടന്നു വരുന്നുമുണ്ട്. ശരീരതാപനില ചുറ്റുപാടുകൾക്കൊപ്പം ക്രമീകരിക്കാനും ശരീരത്തിലെ ഇലക്ട്രോണിക് ചിപ്പ് ചീന്തിയെറിയാനും തക്ക ബുദ്ധിയുള്ള ജീവിയാണ് 'ഇൻഡോമിനസ് റെക്സ്‌' എന്ന് കഥ പുരോഗമിക്കുമ്പോൾ നമ്മൾ മനസ്സിലാക്കുന്നു. വെലോസിറാപ്ടറുകളെയും കൂട്ടി നായകൻ ദിനോസർ വേട്ടക്ക് പോകുന്നതും അതിന്റെ അനന്തര ഫലവും ഒക്കെ സിനിമയുടെ ഹൈലൈറ്റ് ആണ്. അതിജീവനത്തിന്റെയും ആക്രമണത്തിന്റെയും കുറെ നിമിഷങ്ങൾക്കൊടുവിൽ മികച്ച ഒരു ക്ലൈമാക്സോടെ ചിത്രം അവസാനിക്കുന്നു.

ജുറാസിക് പാർക്കിലെ പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കി 3D ഉൾപ്പെടുത്തി സിനിമക്ക് പുതുമ സമ്മാനിക്കാൻ ഉള്ള ശ്രമം വിജയിച്ചു എന്ന് വേണം പറയാൻ. നായകനായ ക്രിസ് പ്രാറ്റ് നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നു. മറ്റുള്ളവർ തരക്കേടില്ലാതെ തങ്ങളുടെ വേഷം കൈകാര്യം ചെയ്തു എന്നേ പറയാനുള്ളൂ. ദിനോസറിന്റെ പ്രത്യേകതകൾ ഉൾപ്പടെ, തിരക്കഥയിലെ അശാസ്ത്രീയത ഇതിനകം പലയിടത്തും ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും ഇതൊരു സൈ-ഫൈ മൂവിയാണ്, ഡോക്യുമെന്ററി അല്ല എന്ന മറുപടിയിലൂടെ സംവിധായകൻ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു! പിന്നെ, ആദ്യം പറഞ്ഞ ആന്റിയെ പേടിച്ച്, ശബ്ദ മിശ്രണം, രംഗസജ്ജീകരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മിണ്ടുന്നില്ല :)

ജുറാസിക് പാർക്കിനോട് തോന്നിയ ആ ഒരു ഇഷ്ടം ജുറാസിക് വേൾഡിനോട്‌ തോന്നില്ല എന്നത് സത്യമാണ്. ഫസ്റ്റ് ഇമ്പ്രഷൻ ഈസ്‌ ദ ബെസ്റ്റ് ഇമ്പ്രഷൻ എന്നാണല്ലോ! എങ്കിലും ജുറാസിക് വേൾഡ് നിങ്ങളെ പിടിച്ചിരുത്തും എന്നതിൽ സംശയമില്ല.

P.S : ജുറാസ്സിക് വേൾഡിനെ കുറിച്ച്  മുരളി ചേട്ടൻ (ബിലാത്തിപ്പട്ടണം / മുരളീ മുകുന്ദൻ ) എഴുതിയ ഒന്നാന്തരം റിവ്യൂ ഇവിടെ വായിക്കാം.

You may also like: 
                               ചതിക്കല്ലേ മൊതലാളീ...!
                               ആൽബട്രോസിനെ കൊന്നിട്ടുണ്ടോ?
                               ബാർട്ടണ്‍കുന്നിലെ വിസ്മയം 

Wednesday 3 June 2015

ആൽബട്രോസിനെ കൊന്നിട്ടുണ്ടോ?!

ഡങ്കഡക്കേ  ഡങ്കഡക്കേ...  പെപ്പരപ്പേപ്പേ...
ഡങ്കഡക്കേ  ഡങ്കഡക്കേ...  പെപ്പരപ്പേ പെപ്പരപ്പേ...

കൊട്ടും കുരവയും പീപ്പിയും ഒക്കെയായി ഒരു പരിസ്ഥിതി ദിനം കൂടി കടന്നു വരുന്നതിന്റെ ആരവം കേൾക്കുന്നില്ലേ? ആഹാ, പരിസ്ഥിതി ദിനം എത്തുമ്പോൾ മരം നടാനും മനുഷ്യന്റെ പ്രവൃത്തികളെ അപലപിക്കാനും എല്ലാവർക്കും എന്തൊരാവേശം... ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ!

മാതൃദിനത്തിന്റെ അന്ന് അമ്മയ്ക്ക് ഇത് പോലത്തെ ഒരു ചായക്കപ്പ് സമ്മാനിച്ച്, മുഖപുസ്തകത്തിൽ തേനും പാലും ഒഴുക്കുന്ന വങ്കന്മാരെ പോലെ, പരിസ്ഥിതി ദിനത്തിന്റെ സമയത്ത് ഇത് പോലെ ഒരു പോസ്റ്റിട്ട് വങ്കനാവാൻ വന്നതാണ് ഞാനും! കമ്പ്യൂട്ടർ ഉപയോഗിക്കാനും ഇന്റർനെറ്റിലൂടെ ഈ ബ്ലോഗ്‌ വായിക്കാനും അറിയാവുന്ന നിങ്ങൾക്ക് പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് അറിയാതിരിക്കാനും തരമില്ലല്ലോ? എന്നിട്ടും ഒരു ചെറിയ കുറിപ്പിലൂടെ ഇതേ പ്രശ്നം ചൂണ്ടിക്കാണിക്കുന്ന എന്നെ വങ്കൻ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

എന്തായാലും വന്ന സ്ഥിതിക്ക് വളരെ എളുപ്പത്തിൽ ഉത്തരം പറയാവുന്ന ചില ചോദ്യങ്ങൾ ചോദിക്കട്ടെ?  
  1. നിങ്ങൾ ഒരു സ്രാവിനെ ജീവനോടെ വരിഞ്ഞു മുറുക്കിയിട്ടുണ്ടോ?
  2. നിങ്ങൾ ഒരു ഒട്ടകത്തിനെ പട്ടിണിക്കിട്ട്  കൊന്നിട്ടുണ്ടോ?
  3. ഒരു ആൽബട്രോസ്സിനെ കൊല്ലാക്കൊല ചെയ്തിട്ടുണ്ടോ?
  4. ഒരു കടലാമയെ നരകിപ്പിച്ചിട്ടുണ്ടോ?
പരീക്ഷക്ക്, ഉത്തരം അറിയാത്ത ചില ചോദ്യങ്ങൾ ടീച്ചർമാർ നിങ്ങളോട് ചോദിച്ചിട്ടുണ്ട് എന്നല്ലാതെ, ഇമ്മാതിരി ബീഭത്സമായ ചോദ്യങ്ങൾ ആരും ചോദിച്ചിരിക്കാൻ ഇടയില്ല അല്ലേ. എന്നോട് ക്ഷമി. ഇങ്ങനെ ചെയ്യാൻ പോയിട്ട്, ഇങ്ങനെ ചിന്തിക്കാൻ പോലും ആർക്കും കഴിയില്ല എന്ന് എനിക്കറിഞ്ഞു കൂടേ?! ആരെങ്കിലും കൊന്ന് കറി വെച്ച് തന്നാൽ വല്ലപ്പോഴും കുറച്ച് ചിക്കനോ മട്ടനോ കഴിക്കും എന്നതൊഴിച്ച് മറ്റെല്ലാ ജീവികളെയും സ്വസ്ഥമായി ജീവിക്കാൻ അനുവദിച്ചവരാണ് നാം. അപ്പൊ പിന്നെ, കേട്ടിട്ട് പോലും ഇല്ലാത്ത ഒരു ആൽബട്രോസ്സിനെ കൊല്ലാക്കൊല ചെയ്യേണ്ട ആവശ്യം നമുക്കെന്താണ്?

"അവനവനാത്മസുഖത്തിനാചരിക്കുന്നവ-
യപരന്നു സുഖത്തിനായ് വരേണം"

എന്ന, നാണുഗുരുവിന്റെ ഉദ്ബോധനം കേട്ട് വളർന്നവരാണ് നമ്മൾ. മര്യാദക്ക് ജോലി ചെയ്ത് കുടുംബം പോറ്റാൻ പോലും നേരം തികയാത്ത ഇക്കാലത്ത് മരുഭൂമിയിലെ കപ്പലായ ഒട്ടകത്തിനെയും കപ്പലിന്റെ അടിയിലൂടെ നീന്തിപ്പോകുന്ന സ്രാവിനെയും അങ്ങോട്ട്‌ ചെന്ന് ഉപദ്രവിക്കേണ്ട കാര്യം എന്താണ്? അവിടെയാണ് നമുക്ക് തെറ്റിയത്.

ഉപദ്രവിക്കാൻ നമ്മൾ അങ്ങോട്ട്‌ ചെല്ലണം എന്നൊന്നും ഇല്ല. നമ്മുടെ വിവേകരഹിതമായ പ്രവൃത്തികൾ മാത്രം മതി. രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് മനുഷ്യരുടെ പാപങ്ങൾ മുഴുവൻ ഏറ്റുവാങ്ങി യേശുദേവൻ കുരിശുമരണം വരിച്ച പോലെ ഇന്നും മനുഷ്യരുടെ പാപങ്ങൾക്ക് പകരമായി നൂറായിരം ജീവികൾ മരിച്ചു കൊണ്ടിരിക്കുന്നു. എന്റെയും നിങ്ങളുടെയും പാപഫലങ്ങൾ അനുഭവിക്കുന്ന അത്തരം മിണ്ടാപ്രാണികളെ കുറിച്ചാണ് ഈ പരിസ്ഥിതി ദിനത്തിൽ എനിക്ക് പറയാനുള്ളത്. ഈ പോസ്റ്റ്‌ ആ പാവങ്ങൾക്ക് ഡെഡിക്കേറ്റ് ചെയ്ത് ഞാൻ കൃതാർത്ഥനാവട്ടെ!

ഗൂഗിളമ്മച്ചി കാണിച്ചു തന്ന നൂറു കണക്കിന് ചിത്രങ്ങളിൽ നിന്ന് ഏതാനും ചിത്രങ്ങൾ ഇതാ. അസുഖകരമായ കാഴ്ചകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിന് ആദ്യമേ ക്ഷമാപണം.





















പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ സഹജീവികളെ ബാധിക്കുന്നതിന്റെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണിത്. അശ്രദ്ധമായി വലിച്ചെറിയുന്ന ഒരു പ്ലാസ്റ്റിക് കവർ മുതൽ മറ്റനേകം സിന്തറ്റിക് വസ്തുക്കൾ, അനേകായിരം നിരപരാധികളും നിസ്സഹായരുമായ മിണ്ടാപ്രാണികളുടെ ജീവിതം നരകതുല്യമാക്കുന്നുണ്ട്. ഈ ചിത്രങ്ങൾ വിളിച്ചു പറയുന്നതിനേക്കാൾ കൂടുതലൊന്നും എനിക്ക് ഇവിടെ എഴുതാനില്ല. മനുഷ്യന്റെ അത്യാഗ്രഹത്തെ കുറിച്ച് അപലപിക്കാനോ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരിക്കാനോ ഞാൻ ശ്രമിക്കുന്നുമില്ല. ഒന്ന് മാത്രം ഓർത്താൽ നന്ന്. 

ബേപ്പൂർ സുൽത്താൻ കണ്ട 'ഭൂമിയുടെ അവകാശികൾ' എന്ന സ്വപ്നം വായനയിൽ മാത്രമേ സുഖം നൽകുന്നുള്ളൂ. യാഥാർത്ഥ്യം എത്രയോ അകലെയാണ്. നമ്മൾ അനുഭവിക്കുന്ന ഓരോ സുഖസൗകര്യങ്ങൾക്കും പിന്നിൽ നമ്മളെ ബാധിക്കാതെ, നമ്മൾ അറിയാതെ തിരസ്കൃതമാവുന്ന ചില കാഴ്ചകളുണ്ട്‌. ആരും കേൾക്കാതെ പോകുന്ന നിലവിളികളുണ്ട്. നെഗറ്റിവിസം എന്ന് പറഞ്ഞ് ഒഴിവാക്കുന്നവയും ഉണ്ട്. നമ്മൾ അറിയുന്നില്ല എന്നത് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാവുകയല്ല, മറിച്ച് നാൾക്കുനാൾ വർധിക്കുകയാണ്. ബീഫ് വാങ്ങാൻ പോകുമ്പോൾ, ഇറച്ചി പൊതിയാനുള്ള പ്ലാസ്റ്റിക് കവർ, പോത്തിന്റെ വയറ്റിൽ നിന്നും ഫ്രീയായി കിട്ടുന്ന കാലം അധികം ദൂരെയല്ലെന്ന് ചുരുക്കം.

ആഗോളതാപനം എന്നും വനനശീകരണം എന്നുമൊക്കെയുള്ള ക്ലീഷേ പരിപാടികൾ മാത്രമല്ല നമ്മൾ ഈ ഭൂമിയോട് ചെയ്യുന്ന ക്രൂരത. ഒരു മരം നടുന്നതിലോ മഴവെള്ളം സംഭരിക്കുന്നതിലോ ഒതുങ്ങുന്നതല്ല നമ്മുടെ കടമയും. മനഃപൂർവമോ നേരിട്ടോ അല്ലെങ്കിൽ കൂടി നമ്മുടെ സഹജീവികളെ ദ്രോഹിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും നമുക്കെങ്ങനെ മാറി നിൽക്കാനാകും? വലിഞ്ഞു മുറുകുന്ന പ്ലാസ്റ്റിക് ചരടും കഴുത്തിൽ ചുറ്റി ഒരു പാവം സീലോ പെൻഗ്വിനോ മരണവേദനയോടെ ജീവിക്കുന്നുണ്ടെങ്കിൽ ആരാണ് അതിനുത്തരം പറയേണ്ടത്? അതിരപ്പിള്ളിയിലും ശബരിമലയിലും പ്ലാസ്റ്റിക് തിന്ന് വയറു പൊട്ടി മരിക്കുന്ന നാൽക്കാലികളുടെ ജീവന് മറുപടി പറയേണ്ടത് ആരാണ്?

പ്ലാസ്റ്റിക് വർജിക്കുക എന്നത് സമീപഭാവിയിൽ സംഭവ്യമല്ല എന്നറിയാം. എങ്കിലും, ഷോപ്പിംഗ്‌ കഴിഞ്ഞ് കൈ നിറയെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുമായി പുറത്തിറങ്ങുമ്പോൾ മുഖത്ത് വിരിയുന്ന സംതൃപ്തിയുടെ ആ ചിരിയുണ്ടല്ലോ? ഭൂമിയിലെ അനേകം ജീവിവർഗങ്ങളുടെ വാസം അസാധ്യമാക്കുന്ന സാധനങ്ങളാണ് നാം സ്വന്തമാക്കിയത് എന്നോർത്ത്,  ആ ചിരി അർത്ഥശൂന്യമാണെന്ന ചിന്തയുണ്ടായാൽ നന്ന്.
ആ തിരിച്ചറിവും അതിൽ നിന്നുണ്ടാകുന്ന വിനയവും മാത്രം മതി ഈ ലോകത്ത് ഒരു ചെറിയ മാറ്റമെങ്കിലും വരുത്താൻ.
************

നിർജീവമായ കണ്ണുകളിൽ ആ പാവം പക്ഷി അവശേഷിപ്പിച്ചു പോയ ചോദ്യം എന്തായിരിക്കും?




Tuesday 26 May 2015

പോസ്റ്റോദകം സമർപ്പയാമി

മലയാളം കവിതാ ബ്ലോഗുകളിൽ കേറിയിറങ്ങുമ്പോഴൊക്കെ എനിക്കും തോന്നാറുണ്ട്, ബിംബങ്ങളും പ്രതീകങ്ങളും ഒക്കെ ചേർത്ത് അത്തരം കവിതകൾ എഴുതണംന്ന്! ലേഖനങ്ങളും കഥകളും എത്ര എഴുതിയാലും ഒരു ബുദ്ധിജീവി പരിവേഷം കിട്ടണമെങ്കിൽ കവിത തന്നെ എഴുതണം. വായിച്ചാൽ മനസ്സിലാകാത്തതാണെങ്കിൽ വളരെ നല്ലത്! അതായത്, ഉള്ളടക്കം ഒരു വിഷയമേയല്ലെന്ന്. ഗദ്യമായത് കൊണ്ട് പ്രാസവും വൃത്തവും ഒന്നും നോക്കുകയും വേണ്ട. ദുബായിൽ സ്വന്തമായി പത്തേക്കർ ബ്ലോഗും ഉണ്ട്. ചുരുക്കി പറഞ്ഞാ നല്ല ബെസ്റ്റ് ടൈം. പിന്നെ എന്തിന് വൈകിക്കണം? അങ്ങനെയാണ് താഴെ എഴുതിയിരിക്കുന്ന സംഗതി രൂപം കൊണ്ടത് :)

തിലോദകം പോസ്റ്റോദകം സമർപ്പയാമി


മധ്യവേനലിന്റെ മൂർദ്ധന്യത്തിൽ
പൊള്ളലേറ്റ് മരിച്ച
പുഴ.
പുഴയുടെ ആത്മാവിനെയും ചുമന്ന്
ഒഴുകി നീങ്ങുന്ന
ടിപ്പർ.
തർപ്പണം ചെയ്യുന്ന
മണ്ണുമാന്തിയുടെ മന്ത്രണം...
തരംഗിണീം തർപ്പയാമി.

ബലിക്കാക്ക ബ്യൂട്ടീ പാർലറിൽ 
ബിസി. 
കാരണം,
ചിറകിൽ നിന്നും കൊഴിഞ്ഞ 
തൂവൽ.

***

ഒന്നും ചെയ്യാനില്ലാതെ
ചിതലരിച്ച ഉത്തരത്തിൽ
ചിന്താമഗ്നനാവുന്ന പല്ലി.
അയൽവീട്ടിൽ
വിശപ്പിന്റെ നിലവിളി.
മറുപടി,
റിമോട്ടിലെ വോളിയം ബട്ടണ്‍.
ചുവരിലെ കലണ്ടറിൽ
മോണാലിസയുടെ
നിഗൂഢമായ ചിരി.

***

ഇടിഞ്ഞ കുന്നിൻ ചെരുവിൽ
ചത്തു മലച്ച 
വയൽ.
മുഖപുസ്തകത്തിൽ 
നൊസ്റ്റാൽജിയ ഉരുട്ടി 
പിണ്ഢം വെക്കുന്ന
ഞാൻ.
ബലിച്ചോറുണ്ണാൻ
നീലക്കുരുവി.
പോസ്റ്റോദകം സമർപ്പയാമി.

Tuesday 12 May 2015

ചതിക്കല്ലേ മൊതലാളീ...!

ഈയിടെ ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഒരു ബില്ലിന്റെ ചിത്രം കണ്ടു. അത് കണ്ടപ്പോൾ എന്റെ ധാർമികരോഷം ഉയർന്നു പൊങ്ങി ഒരു വരവങ്ങു വന്നു. മൈ ഗോഡ്! ഉടനെ തന്നെ മലബാർ ഗോൾഡിനെ തെറി വിളിച്ച് ഒരു പോസ്റ്റങ്ങ് പോസ്റ്റിയാലോ എന്ന് കരുതിയതാണ്. പിന്നെ ആലോചിച്ചപ്പോ തോന്നി വേണ്ടാന്ന്. വായിക്കുന്നവരുടെ കൂടി പ്രഷറ് കൂടും എന്നല്ലാതെ എന്ത് പ്രയോജനം? എന്നാപ്പിന്നെ ഇതിനെ കുറിച്ച് ഒന്നന്വേഷിച്ചിട്ട് കുറച്ച് ആധികാരികതയോടെ എഴുതാം എന്ന് കരുതി.

ഭാരതീയർക്ക് പൊതുവെയും, മലയാളിക്ക് പ്രത്യേകിച്ചും സ്വർണത്തോടുള്ള ഭ്രമം പ്രശസ്തമാണല്ലോ. കേവലം നിക്ഷേപം എന്ന നിലക്ക് അല്ല, സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ജീവിതത്തിന്റെ തന്നെയും ഭാഗം എന്ന രീതിയിലാണ് നമ്മൾ സ്വർണം വാങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് ഒരു തരി പൊന്ന് സ്വന്തമാക്കണമെന്നു ഏത് ഇല്ലായ്മകൾക്കിടയിലും സാധാരണക്കാരൻ ആഗ്രഹിക്കുന്നതും. എങ്കിലും നമ്മൾ ഇനിയും വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത ഒരു മേഖലയാണ് സ്വർണത്തിന്റെ ക്രയവിക്രയങ്ങൾ എന്ന് തോന്നുന്നു.
പലപ്പോഴും ആഭരണത്തിന്റെ വില യഥാർത്ഥ വിലയേക്കാൾ വളരെ കൂടുതൽ ആണെന്ന് അറിഞ്ഞിട്ടും, സെയിൽസ് മാന്റെ വിശദീകരണത്തിനു മുന്നിൽ കീഴടങ്ങേണ്ടി വരുന്നത്, അടിസ്ഥാനപരമായ അറിവുകളുടെ അഭാവം മൂലമാണ്. അതുകൊണ്ട് അത്യാവശ്യമായി സാക്ഷരത നേടേണ്ട ഒരു മേഖല കൂടിയാണിത്.

***************

നേരത്തെ പറഞ്ഞ ബില്ലിന്റെ ചിത്രം ചുവടെ കൊടുക്കുന്നു.



2.24 ഗ്രാം ഭാരമുള്ള ഒരു മോതിരത്തിന് വില 420 റിയാൽ.
സ്വർണ വില 139*2.24=311.36 റിയാൽ.
ബാക്കി എന്തൊക്കെയോ 108.64 റിയാൽ.
അതെന്താണെന്ന് ബില്ലിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടും ഇല്ല.  കാൽപ്പവന്റെ ഒരു മോതിരം സ്വന്തമാക്കാൻ ഒരു പാവം പ്രവാസി, സ്വർണ വിലയുടെ 35% അധിക തുക നല്കേണ്ടി വന്നു.

***************

എവിടെയാണ് നമ്മൾക്ക് തെറ്റ് പറ്റുന്നത്?

അതന്വേഷിച്ച് അധികമൊന്നും അലയേണ്ട കാര്യമില്ല. 'നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളെ വിഡ്ഢിയാക്കാൻ ആർക്കും കഴിയില്ല' എന്നു കേട്ടിട്ടില്ലേ? അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. നമ്മൾ സ്ഥിരമായി പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ, നമ്മുടെ സമ്മതത്തോടെ ആണെന്ന് മാത്രം. എന്ന് വച്ചാൽ, നമ്മുടെ അറിവില്ലായ്മ വിദഗ്ധമായി അവർ മുതലെടുക്കുന്നു. അതുകൊണ്ട്, ഗൂഗിളമ്മച്ചിയുടെ സഹായത്തോടെ ശേഖരിച്ച, സ്വർണാഭരണമേഖലയിലെ ചില അടിസ്ഥാനവിവരങ്ങൾ ഇവിടെ പങ്കുവെക്കട്ടെ.

പണിക്കൂലി: ഒരുപക്ഷേ സ്വർണവിപണിയിലെ ഏറ്റവും പ്രശസ്തമായ വാക്കായിരിക്കും പണിക്കൂലി. പക്ഷേ, നമ്മൾ ഏറ്റവും അധികം കബളിപ്പിക്കപ്പെടുന്ന ഒരു മേഖല കൂടിയാണ് ഇത്.
  • സ്വർണക്കട്ടിയെ ആഭരണം ആക്കി മാറ്റാൻ വേണ്ടി വരുന്ന ചെലവ് ആണ് പണിക്കൂലി. 
  • ഇത് നിശ്ചയിക്കാൻ പ്രത്യേകിച്ച് മാനദണ്ഡം ഒന്നും ഇല്ല. ആളും തരവും നോക്കി ഒരു കൂലിയങ്ങ് പറയും. അത്ര തന്നെ.
  • 5% മുതൽ 13% വരെയാണ് ആഭരണങ്ങളുടെ ഏകദേശ പണിക്കൂലി. 
  • സങ്കീർണമായ ചില ഡിസൈനുകൾക്ക് പണിക്കൂലി കൂടും. എങ്കിലും സാധാരണ ആഭരണങ്ങൾക്ക്‌ പതിമൂന്ന് ശതമാനത്തിനു മുകളിലുള്ള പണിക്കൂലി ആവശ്യപ്പെട്ടാൽ കബളിപ്പിക്കപ്പെടുന്നു എന്നുറപ്പ്.
  • ചില ജ്വല്ലറികൾ ആഭരണത്തിൽ തൂക്കവും പണിക്കൂലിയും ഒക്കെ രേഖപ്പെടുത്തിയ പ്രൈസ് ടാഗ് ചേർക്കാറുണ്ട്. പണിക്കൂലി കൂട്ടി ചോദിക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ ആണത്രേ ഇത്. പക്ഷേ, പ്രൈസ് ടാഗിൽ ഉള്ള പണിക്കൂലി ഓൾറെഡി (മലയാളം എന്തരാണോ എന്തോ!) കൂടുതലല്ലെന്നു എന്ത് ഉറപ്പ്?
അതുകൊണ്ട്, സെയിൽസ്മാനോട് പണിക്കൂലി ചോദിച്ചു മനസ്സിലാക്കേണ്ടതും, വാങ്ങുന്ന ആഭരണം അത്രയും പണിക്കൂലി അർഹിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതും നമ്മുടെ ബാധ്യതയാണ്.

പണിക്കുറവ് : ഇതൊക്കെ നമ്മളെത്ര കേട്ടിരിക്കുന്നു അല്ലേ?!
  • ആഭരണം ഉണ്ടാക്കുന്നതിനിടയിൽ നഷ്ടപ്പെട്ടു പോകുന്നു എന്ന് പറയപ്പെടുന്ന സ്വർണത്തിന്റെ പൈസയും ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നു. അതായത്, സ്വർണം ഉരുക്കുമ്പോഴും മുറിക്കുമ്പോഴും ഒക്കെ നഷ്ടമാകുന്ന സ്വർണത്തരികളുടെ വില. ഇതാണ് പണിക്കുറവ്. 
  • ഇതിനും പ്രത്യേകിച്ച് മാനദണ്ഡം ഒന്നും ഇല്ല. 3% മുതൽ 20% വരെ പണിക്കുറവ് ഈടാക്കുന്നവരുണ്ട്. 
  • തട്ടാൻ നഷ്ടപ്പെടുത്തുന്ന സ്വർണത്തിന് വില കൊടുക്കേണ്ടത് നമ്മളല്ലെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഓരോ തരി സ്വർണവും വീണ്ടെടുക്കാൻ തട്ടാന് കഴിയും എന്നതാണ് സത്യം. അല്ലാതെ ഇരുപത് ശതമാനം സ്വർണം പണിസ്ഥലത്ത് നഷ്ടപ്പെടുത്താൻ തട്ടാനെന്താ വട്ടുണ്ടോ?!
  • അതുകൊണ്ടാണ് ഇപ്പോൾ പല ജ്വല്ലറികളും പണിക്കുറവു ഈടാക്കാത്തത്. ഇത്രേം കാലം കൊടുത്ത പണിക്കുറവ് ഓർത്ത് കരഞ്ഞിട്ട് നോ ഫൽ!
കാരറ്റ് (Karat ) : സ്വർണത്തിന്റെ ശുദ്ധത അളക്കുന്ന ഏകകമാണ് കാരറ്റ്.
  • 99.9 ശതമാനം ശുദ്ധമായ സ്വർണത്തെ (തങ്കം)  24 കാരറ്റ് എന്ന് പറയുന്നു.
  • 916 അഥവാ 22 കാരറ്റ്: ആഭരണങ്ങൾ നിർമിക്കാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് 22 കാരറ്റ് സ്വർണം ആണ്. പരിശുദ്ധമായ സ്വർണം വളരെ മൃദുവായതിനാൽ ആഭരണങ്ങൾ നിർമിക്കാൻ എളുപ്പമല്ല. അതിനാൽ, വെള്ളി, ചെമ്പ്, കാഡ്മിയം, സിങ്ക് തുടങ്ങിയവ ലോഹങ്ങൾ, ചെറിയ അളവിൽ ചേർത്ത് സ്വർണത്തെ ഉറപ്പുള്ള ഒരു ലോഹസങ്കരം ആക്കി മാറ്റുന്നു. അതായത്, ആയിരം ഗ്രാമിൽ  916 ഗ്രാം ശുദ്ധ സ്വർണവും ബാക്കി, അന്യ ലോഹങ്ങളും ആയിരിക്കും. 
  • 21 കാരറ്റ്: 87.5% പരിശുദ്ധ സ്വർണം, ബാക്കി മറ്റു ലോഹങ്ങൾ.
  • 18 കാരറ്റ്: 75% പരിശുദ്ധ സ്വർണം, ബാക്കി മറ്റു ലോഹങ്ങൾ എന്നിങ്ങനെ.
BIS Hallmark : ഭാരത സർക്കാർ 1987ൽ സ്ഥാപിച്ച ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ആണ് പൊന്നും വെള്ളിയും മായമില്ലാത്തതാണെന്ന് സാക്ഷ്യപ്പെടുത്താൻ ഉള്ള ഇന്ത്യയിലെ ഏക സ്ഥാപനം. BISൽ നിന്ന് ലൈസെൻസ് കരസ്ഥമാക്കിയാൽ, ജ്വല്ലറികൾക്ക് അംഗീകൃത ഹാൾമാർക്കിംഗ് സെന്ററുകളിലൂടെ  ആഭരണങ്ങളിൽ BIS മുദ്ര പതിപ്പിക്കാം. ഇത് കൂടാതെ, ഓരോ ഹാൾമാർക്കിംഗ് സെന്ററിനും സ്വന്തം മുദ്രയും ഉണ്ടായിരിക്കും. ഹാൾമാർക്ക്‌ മുദ്ര പതിച്ചത് കൊണ്ട് മാത്രം അത് 22 കാരറ്റ് ആവണം എന്നില്ല കേട്ടോ. എത്ര കാരറ്റ് ആണെങ്കിലും അതാത് പരിശുദ്ധി ഉറപ്പു വരുത്തി മുദ്ര പതിപ്പിക്കാം. ഉദാഹരണത്തിന് 22 കാരറ്റ് സ്വർണത്തിൽ 916 എന്ന് എഴുതി താഴെ കാണിച്ച അടയാളം രേഖപ്പെടുത്തുന്നു. 18 കാരറ്റ് ആണെങ്കിൽ 750 എന്ന് എഴുതി അടയാളം രേഖപ്പെടുത്തുന്നു.



ഹാൾമാർക്കിംഗ് ചാർജ്: നേരത്തെ പറഞ്ഞ 'Assaying and Hallmarking Center' ൽ മുദ്ര പതിപ്പിക്കാൻ ഈടാക്കുന്ന തുകയാണ് ഇത്.
  • ഒരു ആഭരണത്തിനു കേവലം 18 മുതൽ 25 രൂപ വരെ മാത്രമാണ് ഹാൾമാർക്ക്‌ മുദ്ര പതിപ്പിക്കാനുള്ള ചാർജ്. 
  • ഒരു ഗ്രാമിനല്ല, ഒരു ആഭരണത്തിനാണ് ഈ ചാർജ്. ഇതിനേക്കാൾ ഏറെ അവർ പണിക്കൂലിയിൽ നിന്ന് ഈടാക്കുന്നുണ്ട്. അതുകൊണ്ട് ഈ ചാർജ് പ്രത്യേകം കൊടുക്കേണ്ട ആവശ്യമില്ല.
അഥവാ ചോദിച്ചാൽ പണം കൊടുത്തേക്കുക. പക്ഷേ, ഇതിൽ കൂടുതലാണ് ചോദിക്കുന്നതെങ്കിൽ, ബില്ലിൽ അത് പ്രത്യേകം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് പണം നൽകുക.
പരാതികളുടെ എണ്ണം കൂടിയാൽ മൊതലാളീടെ ലൈസൻസ് വരെ കീറിപ്പോകും. നമ്മൾക്ക് ആരുടേയും ലൈസൻസ് കീറിക്കാൻ ആഗ്രഹമില്ല അല്ലേ?! മൊതലാളീടെ പിള്ളേരും കഞ്ഞി കുടിച്ചു പൊക്കോട്ടെ. പക്ഷെ, നമ്മളെ കബളിപ്പിക്കാൻ അനുവദിക്കരുത്.

തിരിച്ചറിയപ്പെടാത്ത ചാർജുകൾ : കല്ല്‌ പതിപ്പിച്ച ആഭരണങ്ങൾക്ക് സ്വർണത്തിന്റെയും കല്ലിന്റെയും വില വെവ്വേറെയാണ് നിശ്ചയിക്കാറ്. പക്ഷേ, അതിൽ കാണിച്ചിരിക്കുന്നത് കല്ലിന്റെ യഥാർത്ഥ തൂക്കവും മൂല്യവും ആണെന്നതിന് ഒരു ഉറപ്പും ഇല്ല. കല്ലിന്റെ ഭാരം കുറച്ചു കാണിച്ച് സ്വർണത്തിന്റെ ഭാരം കൂട്ടിയാൽ മൊതലാളീടെ പിള്ളേർക്ക് കഞ്ഞിക്ക് പകരം വല്ല പിസ്സയോ ബർഗറോ കഴിക്കാനുള്ള വകുപ്പ് ആകും. കോരന്റെ കുമ്പിളിൽ അവശേഷിക്കുന്ന കഞ്ഞി പോലും സ്വാഹ! മാത്രമല്ല, വിൽക്കുന്ന സമയത്ത് കല്ലിന് നയാപൈസ പോലും കിട്ടില്ല. അതുകൊണ്ട് കല്ല്‌ പതിപ്പിച്ച ആഭരണങ്ങൾ ഒഴിവാക്കിയാൽ കൂടുതൽ അമളി പിണയാതെ നോക്കാം.
ആഭരണത്തിൽ നിന്ന് കല്ല്‌ ഇളകി വീഴുന്ന കാലത്ത് അതിന്റെ തൂക്കം സത്യമാണോ എന്ന് ഏതെങ്കിലും മഹിളാമണി അന്വേഷിച്ചതായി അറിവുണ്ടോ?!

സ്ഥാപനം : പാരമ്പര്യവും പ്രശസ്തിയും ഉള്ള ജ്വല്ലറികളിൽ നിന്ന് ആഭരണം വാങ്ങിയാൽ സ്വർണത്തിന്റെ പരിശുദ്ധിയെങ്കിലും ഉറപ്പ് വരുത്താം. കാരണം, സ്വർണത്തിൽ കാണിക്കുന്ന കൃത്രിമത്വം അവരുടെ ബ്രാന്ഡിനെ ബാധിക്കും എന്നതിനാൽ ഗുണമേന്മയുണ്ടായിരിക്കും. മാത്രമല്ല, ചില ജ്വല്ലറികളിൽ ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കും. ഇവിടങ്ങളിലെ പണിക്കൂലിയുടെ കാര്യം അറിയാൻ മുകളിലത്തെ ബിൽ ഒന്നു കൂടി നോക്കി ഞെട്ടുക!

ആവശ്യകത : ആഭരണങ്ങൾ വാങ്ങുമ്പോൾ അവ ഉപയോഗിക്കുന്ന സാഹചര്യവും പരിഗണിക്കുക. പണക്കാരല്ലാത്തവർക്ക് ലളിതമായ ഡിസൈനിൽ ഉള്ള ആഭരണങ്ങൾ വാങ്ങി പണിക്കൂലി ലാഭിക്കാവുന്നതാണ്. പണക്കാർക്കൊക്കെ എന്തും ആവാലോ!
  • നിക്ഷേപം എന്ന രീതിയിലാണ് സ്വർണം വാങ്ങുന്നതെങ്കിൽ സ്വർണക്കട്ടികളായോ നാണയങ്ങൾ ആയോ മാത്രം വാങ്ങി സൂക്ഷിക്കുക. കാരണം, നേരത്തേ പറഞ്ഞ പണിക്കൂലി, കുറവ് തുടങ്ങിയ ചാർജുകൾ ഒഴിവാക്കാം. 
  • ഗോൾഡ്‌ ETF കളിൽ നിക്ഷേപിച്ചാൽ കയ്യിൽ സ്വർണം സൂക്ഷിക്കുന്നതിന്റെ റിസ്കും ഒഴിവാക്കാം.
സ്വർണം വിൽക്കുമ്പോൾ: വാങ്ങിയ ബിൽ സൂക്ഷിച്ചു വെക്കുക. അതേ കടയിലാണ് സ്വർണം മാറ്റി വാങ്ങുന്നതെങ്കിൽ ബില്ലിൽ രേഖപ്പെടുത്തിയ അതേ തൂക്കത്തിനുള്ള മൂല്യം ലഭിക്കും. മറ്റൊരു വ്യാപാരിയുടെ പക്കൽ നിന്ന് വാങ്ങിയ സ്വർണം ആണെങ്കിൽ മാറ്റ് നോക്കിയിട്ടേ മൂല്യം നിശ്ചയിക്കുകയുള്ളൂ. കാരണം, എപ്പോഴും  ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി ആവണമെന്നില്ല. 22 കാരറ്റ് ആണെന്ന് പറഞ്ഞു വാങ്ങിയ പലതും 20 ഓ 21 ഓ ഒക്കെയേ കാണൂ. അതെങ്ങനെയായാലും സ്വർണത്തിന്റെ പരിശുദ്ധിയനുസരിച്ച് അന്നേ ദിവസത്തെ വിപണി വില കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ആഭരണം ഉരുക്കാനും മറ്റുമുള്ള ചാർജ് (പണിക്കുറവ്) കഴിച്ചിട്ട് ബാക്കിയേ നമ്മൾക്ക് തരാറുള്ളൂ. ഇതും അറിവില്ലായ്മയുടെ ഒരു മുതലെടുപ്പാണ്. കാരണം, വാങ്ങുമ്പോൾ എന്ന പോലെ വിൽക്കുമ്പോഴും പണിക്കുറവ് കൊടുക്കാൻ നമ്മൾ  ബാധ്യസ്ഥരല്ല. ബില്ലിൽ ചാർജുകൾ പ്രത്യേകം പ്രത്യേകം രേഖപ്പെടുത്താൻ സെയിൽസ്മാനോട്‌ ആവശ്യപ്പെട്ടു നോക്കൂ. അവർ സമ്മതിക്കാത്തത് കാണാം. കാരണം പണിക്കുറവ് വാങ്ങാൻ നിയമപരമായി വകുപ്പില്ല എന്നത് തന്നെ.

വായിലെ നാക്ക്!ഇതാണ് നമുക്ക് ഏറ്റവും അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട സാധനം! ഏത് ഉയർന്ന വിലയും ന്യായീകരിക്കാനും ഉപഭോക്താവിനെ വിശ്വസിപ്പിക്കാനും ഉള്ള സകല അടവുകളും ജ്വല്ലറിയിലെ സ്റ്റാഫിനു അറിയാം. അതിൽ വീഴാതിരിക്കാൻ ബോധപൂർവമായ ശ്രമം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായേ പറ്റൂ. നമ്മൾക്ക് അത്യാവശ്യം വിവരം ഉണ്ടെന്ന് കണ്ടാൽ ജ്വല്ലറിക്കാരുടെ ഭാഗത്ത് നിന്ന് വിട്ടു വീഴ്ചയുണ്ടാകും എന്ന് തീർച്ച.
  • "ഭാര്യക്ക് ഒരു പ്രണയദിന സമ്മാനം വാങ്ങുമ്പോൾ വില നോക്കുന്നത് ശരിയാണോ സാറേ" എന്ന സെയിൽസ്മാന്റെ ചോദ്യം ഒരു തന്ത്രം ആണ്. വൈകാരിക സന്ദർഭങ്ങളെ മുതലെടുക്കാൻ ഉള്ള ശ്രമം. അതിൽ വീഴാതിരിക്കുക. പകരം, "എന്റെ ഭാര്യയെ അത്ര ഇഷ്ടമാണെങ്കിൽ ആ പൈസ അളിയനങ്ങ് കൊടുത്തേക്ക്" എന്ന് ഒറ്റ കാച്ചങ്ങ് കാച്ചുക. എന്തെങ്കിലും ഒക്കെ നടക്കാതിരിക്കില്ല! 
  • വിലപേശൽ ഒരു കുറച്ചിലായി കാണാതിരിക്കുക. അനർഹമായ ലാഭം ഉണ്ടാക്കുന്നതിൽ നിന്നും ജ്വല്ലറിക്കാരെ തടയുന്നതിൽ നാണിക്കാൻ ഒന്നുമില്ല. നൂറു രൂപയുടെ പേരിൽ മീൻകാരനോട് തർക്കിക്കുന്ന നമ്മളിൽ എത്ര പേർ ആയിരക്കണക്കിന് രൂപയുടെ സ്വർണത്തിന്റെ പേരിൽ സെയിൽസ്മാനോട് തർക്കിച്ചിട്ടുണ്ട്‌?
  •  നമ്മളെ പറ്റിക്കില്ല എന്ന് വിശ്വസിക്കാൻ അവർ നമ്മുടെ അമ്മായിയുടെ മക്കളൊന്നും അല്ലല്ലോ?! അല്ല, ആണോ?!
***************

ഇനി, ഒരു ആഭരണം യഥാർത്ഥ മൂല്യം ഉള്ളതാണ് എന്നതിന് എന്താണ് തെളിവ്?
താഴെ പറയുന്ന അഞ്ച് അടയാളങ്ങൾ ആഭരണത്തിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക.



1) BIS ഹാൾമാർക്ക്‌ മുദ്ര.
2) പരിശുദ്ധി: 916, 875 എന്നിങ്ങനെ
3) ഹാൾമാർക്കിംഗ് സെന്ററിന്റെ മുദ്ര
4) ആഭരണം നിർമിച്ച വർഷം (2000 ന് A, 2001 ന് B എന്നിങ്ങനെ)
5) ജ്വല്ലറിയുടെ അടയാളം.
ഒരു BIS മുദ്രയുള്ള ഒരു ആഭരണം കിട്ടിയാൽ അത് ഏത് ജ്വല്ലറിയിൽ നിർമിച്ചതാണെന്നും, ഏത് വർഷം നിർമിച്ചതാണെന്നും, ഏത് ഹാൾ മാർകിംഗ് സെന്ററിൽ ആണ് അത് പരിശോധിച്ചത് എന്നും, അതിന്റെ പരിശുദ്ധി എത്രയെന്നും ഒക്കെ അറിയാൻ സാധിക്കും.

സന്തോഷിക്കാൻ വരട്ടെ. ഹാൾമാർക്ക്‌ മുദ്രയുള്ള ആഭരണങ്ങൾ പോലും പരിശുദ്ധി ഉറപ്പു തരുന്നില്ല  എന്ന ഞെട്ടിക്കുന്ന വാർത്ത  'ദി ഹിന്ദു' ദിനപ്പത്രം ഒരിക്കൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാൾമാർക്കിംഗ് സെന്റെറുകളും ജ്വല്ലറികളും ഒത്തുകളിച്ച് ഗുണമേന്മ കുറഞ്ഞ ആഭരണത്തിൽ പോലും 916 ന്റെ മുദ്ര പതിപ്പിക്കുന്ന ഏർപ്പാട് നടക്കുന്നുണ്ട് എന്ന്. അതായത്, ജ്വല്ലറി മൊതലാളി ഒരു ഷോറൂം തുറക്കും. മൊതലാളീടെ അളിയൻ ഒരു ഹാൾമാർക്കിംഗ് സെന്ററിന്റെ ലൈസൻസും ഒപ്പിക്കും. എന്നിട്ട് രണ്ടു പേരും കൂടി പാവപ്പെട്ട നമ്മളെ #@ $%@#. അപ്പൊ പിന്നെ, ഒരു എഴുത്തും കുത്തും ഇല്ലാത്ത 'ആഫരണത്തിന്റെ' കാര്യം പറയാനുണ്ടോ? സാരല്ല്യ. നല്ലതായിരിക്കും എന്ന് വിശ്വസിക്കുക തന്നെ. വിശ്വാസം. അതല്ലേ എല്ലാം?!

***************

ചുരുക്കി പറഞ്ഞാൽ,
  • BIS ഹാൾമാർക്ക്‌ മുദ്രയുള്ള ആഭരണം മാത്രം വാങ്ങുക.
  • പണിക്കൂലി ആദ്യമേ ചോദിച്ച്‌ മനസ്സിലാക്കുക. വില പേശുക. കൂടുതൽ ആണെന്ന് തോന്നിയാൽ വാങ്ങാതിരിക്കുക. നാട്ടിൽ ജ്വല്ലറികൾക്ക് ഒരു പഞ്ഞവും ഇല്ല.
  • സ്വർണവിലയും പണിക്കൂലിയും നികുതിയും മാത്രം നൽകുക. 
  • രസീത് സൂക്ഷിച്ചു വെക്കുക.
  • കണക്ക് കൂട്ടാനോ വില പേശാനോ പ്രയാസം ഉള്ള ആളാണെങ്കിൽ അറിയാവുന്നവരെ കൂടെ കൂട്ടുക.
  • ഇതിനൊക്കെ പുറമേ അവസാന ബില്ലിൽ വീണ്ടും ഡിസ്കൗണ്ട് ആവശ്യപ്പെടാവുന്നതാണ്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ. ദത് പോലെ, ചോദിക്കുന്ന കസ്റ്റമർക്കേ ഡിസ്കൌണ്ട് ഉള്ളൂ.
***************

ആലുക്കാസിന്റെ ജോയേട്ടാ, അറ്റ്ലസ് രാമചന്ദ്രൻ അങ്കിളേ, മറഡോണയുടെ സ്വന്തം ബോബിക്കുട്ടാ, കല്യാണരാമൻ സാറേ, പിന്നെ എനിക്ക് പേരറിയാത്ത ഭീമ, ജോസ്കോ, ആലപ്പാട്ട്, ദമാസ്, മലബാർ ഗോൾഡ്‌ തുടങ്ങി നൂറു കണക്കിന് ജ്വല്ലറി മൊതലാളിമാരേ... ഒരു കാര്യം പറയട്ടേ.
"നിങ്ങൾ കള്ളക്കടത്ത് വഴിയോ നികുതി വെട്ടിച്ചോ സ്വർണം കൊണ്ട് വരുന്നത് ഞങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നം അല്ല. അതിന്റെ ലാഭം കൊണ്ട് നിങ്ങൾ പുട്ടടിക്കുന്നതിനും വിരോധം ഇല്ല. ഞങ്ങൾക്ക് ആകെ വേണ്ടത് അർഹിക്കുന്ന മൂല്യം മാത്രം ഈടാക്കി മികച്ച സ്വർണം ലഭ്യമാക്കുക എന്നതാണ്. നുള്ളിപ്പെറുക്കി ഉണ്ടാക്കുന്ന കാശ് നിങ്ങൾക്ക് കൊണ്ടു തരുന്നത്, സ്വർണത്തോട് ആർത്തി മൂത്തിട്ടല്ല. ഐശ്വര്യാറായിയെയും ലാലേട്ടനെയും കണ്ട് കണ്ണ് മഞ്ഞളിച്ചിട്ടും അല്ല. ഇവരെയൊക്കെ ഞങ്ങൾ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ സ്വർണം ഒരു അവിഭാജ്യഘടകമായി മാറിയത് കൊണ്ടാണ് ഓരോ അവസരത്തിലും ഞങ്ങൾ സ്വർണം വാങ്ങാൻ നിർബന്ധിതരാവുന്നത്. ദയവായി അത് മുതലെടുക്കാതിരിക്കുക. ഒരു സംശയം ചോദിച്ചോട്ടെ?
  • "പൊന്നിൽ തീർത്ത ബന്ധം എന്ന് വെച്ചാൽ വളരെ അധികം പണം കൊടുത്ത് സൃഷ്ടിക്കുന്ന ബന്ധം എന്നാണോ അർത്ഥം?" 
  • "ഞങ്ങളുടെ പണം ഞങ്ങളുടെ മുന്നിൽ വെച്ച് നിങ്ങൾ തൂക്കിയെടുത്ത് കൊണ്ട് പോകുന്നതിനെയാണോ എപ്പോഴും ഒരു പണത്തൂക്കം മുന്നിൽ എന്ന് പറയുന്നത്?!"
Previous Post : ആത്മഹത്യാ കുറിപ്പ്